ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലേക്ക് കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരിയെ ഉള്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു. കരുണിനെ തുടര്‍ച്ചയായി ഇത്തരത്തില്‍ പുറത്തിരുത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും ഹര്‍ഭന്‍ജന്‍ സിംഗും രംഗത്തെത്തി. ഓവല്‍ ടെസ്റ്റില്‍ കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് തെറ്റായ തീരുമാനമെന്ന് ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
“ഹനുമ വിഹാരിയ്ക്ക് അരങ്ങേറ്റത്തിനു അവസരം നല്‍കിയതില്‍ തനിക്ക് അതിശയമുണ്ട്. ടൂറില്‍ ടീമിനൊപ്പം ആദ്യം മുതലെയുള്ള താരമാണ് കരുണ്‍ നായര്‍. അദ്ദേഹത്തിനു അവസരം നല്‍കാതെ ഒരു പുതിയ താരത്തെ നേരെ ടെസ്റ്റ് ടീമിലേക്ക് എടുക്കുന്നത് അതിശയിപ്പക്കപ്പെടുന്ന കാര്യമാണ്. നാലാം ടെസ്റ്റില്‍ മാത്രം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന താരമാണ് ഹനുമ വിഹാരി. അതേ സമയം കരുണ്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള സ്‌ക്വാഡിലും പിന്നീടുള്ള സ്‌ക്വാഡിലും അംഗമായിരുന്നു”.ഹര്‍ഭജന്‍ പറഞ്ഞു.
കരുണ്‍ നായരെ ടീം മാനേജ്‌മെന്റിന് ഇഷ്ടമല്ലാത്തതിനാലാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരിക്കുന്നതെന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്. പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി എന്നതു ശരിതന്നെ എങ്കിലും കരുണ്‍ ടീം മാനേജ്‌മെന്റിന്റെ ഇഷ്ടതാരമല്ല. തനിക്കെന്തുകൊണ്ട് അവസരം തരുന്നില്ലെന്ന് ചോദിക്കാനുള്ള അവകാശം കരുണിനുണ്ട്. അതിനുള്ള ഉത്തരം കരുണ്‍ അര്‍ഹിക്കുന്നുണ്ടെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.
ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് കരുണ്‍. കഴിഞ്ഞ തവണ ജയന്ത് യാദവിനായി ടീം മനേജ്മെന്റ് കരുണിനെ തഴഞ്ഞു. സെലക്ടര്‍മാരാണ് കരുണിനെ ടീമിലെടുത്തത് എന്നാല്‍ ടീം മാനേജ്മെന്റ് അദ്ദേഹത്തെ വീണ്ടും തഴയുകയാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താലാണ് കരുണ്‍ ടീമിന് പുറത്തായത്. പിന്നീട് പലപ്പോഴും ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ടീം മാനേജ്മെന്റ് പറയണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.
“”എത്ര ഇന്ത്യക്കാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിയുണ്ട്. വീരേന്ദര്‍ സെവാഗിന് രണ്ടും കരുണ്‍ നായര്‍ക്ക് ഒന്നും. എന്നിട്ടും നിങ്ങള്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കുന്നില്ല. എന്താണ് ഇനിയും നിങ്ങള്‍ അദ്ദേഹത്തോട് പറയാന്‍ പോകുന്നത്. നിങ്ങളൊരു നല്ല കളിക്കാരനാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല എന്നാണോ? “”, ഗവാസ്‌ക്കര്‍ ചോദിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളില്‍ വിരാട് കോലിയൊഴികെ മറ്റൊരു താരത്തിനും പറയത്തക്ക പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലും കരുണിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. 2016-ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു കരുണിന്റെ ട്രിപ്പിള്‍ സെഞ്ചുറി. ഇതും ടീം മാനേജ്മെന്റ് പരിഗണിച്ചിട്ടില്ല.
അതേ സമയം വിരേന്ദര്‍ സേവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമായ കരുണ്‍ നായര്‍ക്ക് അതിനു ശേഷം കാര്യമായ പ്രകടനം പുറത്തെടക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലാണ് കരുണ്‍ നായരുടെ ഏറ്റവും മികച്ച പ്രകടനം. 2017 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ധര്‍മ്മശാലയിലാണ് കരുണ്‍ നായര്‍ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.