| Tuesday, 20th August 2024, 2:06 pm

മലയാളിയുടെ അഴിഞ്ഞാട്ടത്തിൽ പിറന്നത് ചരിത്രനേട്ടം; കർണാടകയിൽ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ചെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

2024 മഹാരാജ ട്രോഫിയില്‍ സെഞ്ച്വറി തിളക്കവുമായി മലയാളി സൂപ്പര്‍ താരം കരുണ്‍ നായര്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മൈസൂരു വാരിയേഴ്‌സിന് വേണ്ടി മംഗളൂരു ഡ്രാഗണ്‍സിനെതിരെയായായിരുന്നു കരുണ്‍ സെഞ്ച്വറി നേടിയത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മൈസൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്.

രണ്ടാം ബാറ്റിങ്ങിനിടെ കളി മഴ തടസപ്പെടുത്തിയതോടുകൂടി ലക്ഷ്യം 14 ഓവറില്‍ 166 റണ്‍സാക്കി ചുരുക്കുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മംഗളൂരുവിന് 14 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മൈസൂരുവിന് വേണ്ടി 48 പന്തില്‍ പുറത്താവാതെ 124 റണ്‍സ് നേടി കൊണ്ടായിരുന്നു കരുണിന്റെ തകര്‍പ്പന്‍ പ്രകടനം. 258.33 സ്‌ട്രൈക്ക്‌റേറ്റില്‍ 13 ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മൈസൂരു നായകനെ തേടിയെത്തിയത്. മഹാരാജ ട്രോഫിയില്‍ ഒരു ഇന്നിങ്‌സില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഇതിനുമുമ്പ് ഈ നേട്ടം ഇന്ത്യന്‍ സൂപ്പര്‍താരം മായങ്ക് അഗര്‍വാളിന്റെയും രോഹന്‍ പാട്ടിലിന്റെയും പേരിലായിരുന്നു ഉണ്ടായിരുന്നത്. ഇരു താരങ്ങളും 112 റണ്‍സായിരുന്നു നേടിയിരുന്നത്.

വാരിയേഴ്‌സിന്റെ ബൗളിങ്ങില്‍ കൊദണ്ടെ അജിത് കാര്‍ത്തിക്, ജഗദീശ സുജിത് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ദീപക് ദേവാഡിക, വിദ്യാധര്‍ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റും തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഡ്രാഗണ്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

മംഗളൂരുവിനു വേണ്ടി കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ് 27 പന്തില്‍ 50 റണ്‍സും നിക്കിന്‍ ജോസ് 21 പന്തില്‍ 32 നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് കരുണ്‍ നായരും സംഘവും. നാളെ ഹൂബ്ലി ടൈഗേഴ്‌സിനെതിരെയാണ് മൈസൂരുവിന്റെ അടുത്ത മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Karun Nair Record Achievement in Maharaja Trophy

We use cookies to give you the best possible experience. Learn more