ചരിത്രത്തിൽ ഒന്നാമനായി മലയാളിയുടെ തേരോട്ടം; ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി അടിച്ചവൻ ടി-20യിലും ഇടിമിന്നലായി
Cricket
ചരിത്രത്തിൽ ഒന്നാമനായി മലയാളിയുടെ തേരോട്ടം; ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി അടിച്ചവൻ ടി-20യിലും ഇടിമിന്നലായി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 3:35 pm

2024 മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്സിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മംഗളൂരു ഡ്രാഗണ്‍സിനെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 27 റണ്‍സിനാണ് മൈസൂരു തകര്‍ത്തത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മൈസൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്.

രണ്ടാം ബാറ്റിങ്ങിനിടെ കളി മഴ തടസപ്പെടുത്തിയതോടുകൂടി ലക്ഷ്യം 14 ഓവറില്‍ 166 റണ്‍സാക്കി ചുരുക്കുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മംഗളൂരുവിന് 14 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മൈസൂരുവിനായി ഇന്ത്യന്‍ സൂപ്പര്‍താരം കരുണ്‍ നായര്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 48 പന്തില്‍ പുറത്താവാതെ 124 റണ്‍സ് നേടി കൊണ്ടായിരുന്നു കരുണിന്റെ തകര്‍പ്പന്‍ പ്രകടനം. 258.33 സ്ട്രൈക്ക്റേറ്റില്‍ 13 ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് കരുണ്‍ സ്വന്തമാക്കിയത്. മഹാരാജ ട്രോഫിയിൽ  ഒരു ഇന്നിങ്സില്‍ കുറഞ്ഞത് 30 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് നേടുന്ന താരമായി മാറാനാണ് കരുണിന് സാധിച്ചത്. ഈ നേട്ടത്തില്‍ രണ്ടാമതുള്ളതും കരുണ്‍ തന്നെയാണ്. 2023 സീസണില്‍ ഗുള്‍ബര്‍ഗ മിസ്റ്റിക്സിനെതിരെ 255 പ്രഹരശേഷിയിലായിരുന്നു കരുണ്‍ ബാറ്റ് വീശിയത്.

ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ വരാനിരിക്കുന്ന ഐ.പി.എല്ലില്‍ താരത്തെ ഏതെങ്കിലും ടീം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കളിച്ചിട്ടില്ല. 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്ക് വേണ്ടിയും കരുണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 690 റണ്‍സായിരുന്നു താരം കഴിഞ്ഞ സീസണില്‍ നേടിയത്. എന്നാല്‍ ഫൈനലില്‍ മുംബൈയോട് പരാജയപ്പെട്ട് വിദര്‍ഭക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

2016ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 303 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്.

32 ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനും കരുണിന് സാധിച്ചിരുന്നു.

അതേസമയം മൈസൂരു ബൗളിങ്ങില്‍ കൊദണ്ടെ അജിത് കാര്‍ത്തിക്, ജഗദീശ സുജിത് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ദീപക് ദേവാഡിക, വിദ്യാധര്‍ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റു നടത്തിയപ്പോള്‍ ഡ്രാഗണ്‍സ് തോല്‍വി സമ്മതിക്കുകയായിരുന്നു.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് കരുണ്‍ നായരും സംഘവും. നാളെ ഹൂബ്ലി ടൈഗേഴ്സിനെതിരെയാണ് മൈസൂരുവിന്റെ അടുത്ത മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Karun Nair Record Achievement in KPL