| Wednesday, 2nd February 2022, 1:13 pm

'ആര്‍.ആര്‍.ആറു'മായി മത്സരിക്കാനില്ല; രണ്ട് മാസത്തേക്ക് റിലീസ് മറ്റിവെച്ച് 'ബൂല്‍ ബുലയ്യ 2'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ‘ആര്‍.ആര്‍.ആര്‍’ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മാര്‍ച്ച് 25 ന് റിലീസ് ചെയ്യുകയാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടി വെയ്ക്കുകയായിരുന്നു.

ആര്‍.ആര്‍.ആറിന്റെ റിലീസ് മാര്‍ച്ച് 25 ലേക്ക് പ്രഖ്യാപിച്ചതോടെ ‘ബൂല്‍ ബുലയ്യ രണ്ടാം ഭാഗ’ത്തിന്റെ റിലീസും മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മാര്‍ച്ച് 25 ന് ബൂല്‍ ബുലയ്യ 2 റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷം മെയ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആര്‍.ആര്‍.ആറിന്റെ റിലീസ് മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ബൂല്‍ ബുലയ്യ രണ്ടാം ഭാഗം മാറ്റിവെച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്.

അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍, കിരണ്‍ അദ്വാനി, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2020 ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് രണ്ടാം തരംഗത്തെ തുടര്‍ന്ന് നവംബര്‍ 19 ലേക്ക് മാറ്റി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 ന് റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

2007 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘ബൂല്‍ ബുലയ്യ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ‘മണിചിത്രത്താഴി’ന്റെ ഹിന്ദി റീമേക്കായിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും, സുരേഷ് ഗോപിയും, ശോഭനയും ചെയ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത് യഥാക്രമം അക്ഷയ് കുമാര്‍, ഷിനെ അഹൂജ, വിദ്യാബാലന്‍ എന്നിവരായിരുന്നു.

അതേസമയം മലയാളമുള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് ആര്‍.ആര്‍.ആര്‍ റിലീസിനൊരുങ്ങുന്നത്. ഇതിന് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്പനികള്‍.

ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: kartik-aaryan-and-kiaras-bhool-bhulaiyaa-2-postponed-may-20-averts-clash-ram-charan-jr-ntrs-rrr

We use cookies to give you the best possible experience. Learn more