| Tuesday, 10th November 2020, 4:21 pm

ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്നത് ഇനിയെങ്കിലും നിര്‍ത്താമോ: കോണ്‍ഗ്രസിനെതിരെ കാര്‍ത്തി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പരാജയം നേരിടുമ്പോഴെല്ലാം ഇ.വി.എമ്മിനെ കുറ്റപ്പെടുത്തി രംഗത്തെത്തുന്ന പ്രവണതയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ കാര്‍ത്തി ചിദംബരം.

തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും, ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്നും തന്റെ അനുഭവത്തില്‍, ഇ.വി.എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണെന്നുമായിരുന്നു കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

‘ഇ.വി.എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണ്. ഇത് എന്റെ കാഴ്ചപ്പാടാണ്. ഞാന്‍ അതിനൊപ്പം നില്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഇ.വി.എമ്മിനെക്കുറിച്ച് സംശയമുയരുന്നുണ്ട്. പ്രത്യേകിച്ചും ഫലങ്ങള്‍ അവര്‍ക്ക് അനുകൂലമാകാത്തപ്പോള്‍. ഇതുവരെ ആരും അവരുടെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചിട്ടില്ലെന്നും കാര്‍ത്തി ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

2019 ലെ ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി പറഞ്ഞതായ ഒരു വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് കൊണ്ടായിരുന്നു കാര്‍ത്തി ചിദംബരം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇ.വി.എം ഉപയോഗിച്ച് എന്തും സാധ്യമാകുമെന്ന് ബി.ജെ.പി ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്നെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതിനൊപ്പം കാര്‍ത്തി കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോല്‍ക്കുമ്പോള്‍ ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെതിരെ കാര്‍ത്തി മറ്റൊരു ട്വീറ്റ് കൂടി ഇട്ടത്.

ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേയായിരുന്നു ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്.

‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു’ ഉദിത് രാജ് ട്വീറ്റ് ചെയ്തത്.

അതുകൊണ്ട് തന്നെ കാര്‍ത്തിയുടെ ഈ വിമര്‍ശനം കോണ്‍ഗ്രസിനെതിരാണെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ഇ.വി.എം അട്ടിമറി ആരോപണത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞത്. ‘ഒന്നിലധികം തവണ ഇ.വി.എമ്മുകളുടെ സമഗ്രത സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. 2017 ലും ഇലക്ഷന്‍ കമ്മീഷന്‍ ഇ.വി.എം ചലഞ്ച് വാഗ്ദാനം ചെയ്തിരുന്നു. ഇ.വി.എമ്മുകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട് യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കേണ്ടതില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബീഹാറില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. നിലവില്‍ 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ആണ് മുന്നേറുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബീഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karti Chidambaram says stop blaming EVMs

We use cookies to give you the best possible experience. Learn more