| Monday, 29th May 2017, 5:27 pm

ഐ.ടി ജീവനക്കാര്‍ക്കുള്ള 'കാര്‍ത്തുമ്പി' കുടകള്‍ മന്ത്രി എ.കെ ബാലനില്‍ നിന്ന് 'പ്രതിധ്വനി' പ്രതിനിധികള്‍ ഏറ്റുവാങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴില്‍ സംരഭമായ “കാര്‍ത്തുമ്പി” കുടകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം സാംസ്‌കാരിക-പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു. ഐ.ടി ജീവനക്കാരുടെ സംഘടനയായ “പ്രതിധ്വനി”യുടെ വൈസ് പ്രസിഡന്റ് മാഗി വൈ.വിയാണ് മന്ത്രിയില്‍ നിന്ന് കുട ഏറ്റുവാങ്ങിയത്.

ഐ.ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി, ടെക്‌നോപാര്‍ക്ക് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച കാര്‍ത്തുമ്പി കുടകളുടെ വില്‍പ്പനയ്ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാര്‍ത്തുമ്പി കുടകള്‍ക്ക് രണ്ടു ദിവസം കൊണ്ട് 1,122 ഓര്‍ഡറുകളാണ് ടെക്നോപാര്‍ക്കിലെ ഐ.ടി ജീവനക്കാര്‍ നല്‍കിയത്.

100 രൂപ നല്‍കി പ്രീ സെയില്‍ കൂപ്പണുകള്‍ വാങ്ങിയാണ് ജീവനക്കാര്‍ കുട ബുക്ക് ചെയ്തത്. 350 രൂപയാണ് ഒരു കുടയുടെ വില. പ്രീ ഓര്‍ഡര്‍ പ്രകാരം കുടകള്‍ വിതരണം ചെയ്യുമ്പോള്‍ ബാക്കി 250 രൂപ കൂടി ജീവനക്കാര്‍ നല്‍കും. പ്രീ സെയില്‍ കൂപ്പണ്‍ കൊടുക്കുന്നത് നിര്‍ത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും കുട എത്തിയാല്‍ മുഴുവന്‍ തുകയും നല്‍കി വാങ്ങാന്‍ തയ്യാറായിട്ടുണ്ട്.

സാമൂഹിക സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനായി കുടനിര്‍മാണം ആരംഭിച്ചത്. 60-ഓളം ആദിവാസി യുവതികള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദിവസം 500 മുതല്‍ 700 രൂപവരെ വരുമാനം ഇതില്‍നിന്ന് ലഭിക്കുന്നു. വിപണി കീഴടക്കുന്നതിനോടൊപ്പം ആദിവാസിസ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയെന്നതും കൂടിയാണ് കുടനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.


Also Read: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ജയ് ശ്രീറാം എന്നു പറയാന്‍ ആവശ്യപ്പെട്ട്; വീഡിയോ


കാര്‍ത്തുമ്പി കുട വിതരണോല്‍ഘാടന ചടങ്ങില്‍ ഷോളയുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി അധ്യക്ഷയായി. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആദിവാസി മുപ്പന്‍സ് സംഘടനാ വൈസ് പ്രസിഡന്റ് ചൊറിയ മുപ്പന്‍ എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടിയില്‍ “തമ്പി”ന്റെ ഓഫീസില്‍ ശനിയാഴ്ച ആണ് പരിപാടി നടന്നത്.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തമാക്കാന്‍ സഹായിക്കുന്ന ഈ പരിപാടിക്ക് 1,500-ലധികം ഓര്‍ഡറുകളും കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയില്‍ കാര്‍ത്തുമ്പി കുടകള്‍ക്കു നല്ല പ്രചാരവും ചുരുങ്ങിയ സമയത്തിനകത്തു നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പ്രതിധ്വനി പ്രതിനിധികള്‍ അറിയിച്ചു. പ്രതിധ്വനി നല്‍കിയ പ്രചാരത്തിനും ഓര്‍ഡറിനും ശേഷം കേരളത്തിലും വിദേശത്തുമുള്ള നിരവധി സംഘടനകളും വ്യക്തികളുമാണ് കാര്‍ത്തുമ്പി കുടകള്‍ക്കു ഓര്‍ഡറുകളുമായി എത്തുന്നത്.


Don”t Miss: ‘യു.പിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതാക്കി’ സുരേന്ദ്രന്റെ വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


ജൂണിലെ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രീ ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ കുടകളും ജീവനക്കാര്‍ക്ക് കൊടുക്കാന്‍ ആണ് പ്രതിധ്വനിയുടെ പദ്ധതി. പ്രീ ഓര്‍ഡര്‍ നല്‍കിയ എല്ലാ ഐ.ടി ജീവനക്കാരെയും ഇതിനായി പ്രവര്‍ത്തിച്ചവരെയും പ്രതിധ്വനി നന്ദി അറിയിച്ചു.

ടെക്‌നോപാര്‍ക്കിലെ ഓരോ ബില്‍ഡ്ഡിങ്ങുകളിലും ലഭിച്ച പ്രീ ഓര്‍ഡര്‍ താഴെ

തേജസ്വിനി – 181
ഭവാനി – 130
ലീല കാര്‍ണിവല്‍ – 177
നിള / ഐ ബി എസ് ക്യാമ്പസ്സ് – 147
ഗംഗ, യമുന,ടെക്‌നോപാര്‍ക് ഫേസ് 3 100
ക്വസ്റ്റ് ഗ്ലോബല്‍ /ചന്ദ്രഗിരി – 50
ഗായത്രി /നെയ്യാര്‍ – 118
യു എസ് ടി ഗ്ലോബല്‍, ടെക്‌നോപാര്‍ക് ഫേസ് 2 – 108
ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക് ഫേസ് 2, – 50
എം സ്‌ക്വയര്‍ – 61

ആകെ – 1122

We use cookies to give you the best possible experience. Learn more