| Saturday, 28th April 2018, 12:06 pm

കാര്‍ത്തുമ്പി പറയുന്നു അതിജീവനത്തിന്റെ കഥ

എ പി ഭവിത

“കുട വാങ്ങാം കൂടെ നില്‍ക്കാം”.  ഇത് വെറുമൊരു പരസ്യ വാചകമല്ല.  ഒരു കൂട്ടം സ്ത്രീകളുടെ അതിജീവനത്തിലേക്കുള്ള വഴി തെളിയിക്കലാണ്. ശിശുമരണവും വിവാദങ്ങളും കത്തിനിന്ന കാലത്താണ് അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനായുള്ള ആലോചനകള്‍ സജീവമായത്. നാല് വര്‍ഷം മുമ്പ് തമ്പ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ കാര്‍ത്തുമ്പി എന്ന പേരില്‍ കുട നിര്‍മ്മാണ് യൂണിറ്റ് ആരംഭിച്ചു.

തമ്പിന്റെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറയുന്നു.
“ആദിവാസി അമ്മമാരുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. അതിലൂടെ ആദിവാസി മേഖലയിലെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയണം. അട്ടപ്പാടിയിലെ ശിശുമരണം പുറത്തുവിട്ടത് ഞങ്ങളുടെ സംഘടനയാണ്. അന്നത്തെ പ്രധാന പ്രതിസന്ധി പട്ടിണിയും തൊഴിലില്ലായ്മയുമായിരുന്നു. ആ കാലത്താണ് ഞങ്ങള്‍ ഈ പദ്ധതി ആരംഭിച്ചത്. ഒരു ആദിവാസി അമ്മയ്ക്ക് ഒരു കുട നിര്‍മ്മിച്ചാല്‍ അമ്പത് രൂപ കിട്ടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഒരു വീട്ടിലേക്ക് അഞ്ഞൂറ് രൂപ മുതല്‍ എഴുന്നൂറ് രൂപ വരെ ലഭിക്കും. തമ്പ് ഇടനിലക്കാര്‍ മാത്രമാണ്. അല്ലാതെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല. കഴിഞ്ഞ വര്‍ഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ചെയ്യുന്നത്”.

കുട നിര്‍മ്മാണ യൂണിറ്റിന്റെ നടത്തിപ്പും മേല്‍നോട്ടവും ആദിവാസി സ്ത്രീകളാണ്. ദിവസക്കൂലിയാണ് നല്‍കുന്നത്. ലാഭം വീതിച്ചെടുക്കുകയും ചെയ്യാം. തൃശ്ശൂരിലെ അതിജീവന എന്ന സംഘടനയാണ് കുട നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കിയത്. തുടക്കത്തില്‍ ആയിരം കുടകളായിരുന്നു നിര്‍മ്മിച്ചത്. മുഴുവന്‍ കുടകളും വിറ്റഴിക്കപ്പെട്ടു. കുറുമ്പ, ഇരുള, മുടുക വിഭാഗക്കാരാണ് യൂണിറ്റിലുള്ളത്.

“വരുമാന മാര്‍ഗ്ഗം ലഭിക്കുന്നു എന്നത് ആദിവാസി സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരു തൊഴിലും ഇല്ലാതിരുന്ന ഘട്ടത്തിലാണ് കുട നിര്‍മ്മാണ യൂണിറ്റ് വരുന്നത്. നൂറ് പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും ജോലി നല്‍കാനുള്ള സ്ഥല സൗകര്യം ഇപ്പോളില്ല. അതിനുള്ള ശ്രമം തമ്പ് നടത്തുന്നുണ്ട്. ഓരോ ദിവസവും ജോലി അന്വേഷിച്ച് ആദിവാസി സ്ത്രീകളെത്തുന്നു. അവര്‍ക്കൊക്കെ ജോലി കൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം”. യൂണിറ്റിന്റെ നടത്തിപ്പ് ചുമതലയുള്ള ലക്ഷ്മി പറയുന്നു.

മാര്‍ക്കറ്റിംഗും വിതരണവും നടത്തുന്നത് തമ്പാണ്.
“അമ്പത് ആദിവാസി സ്ത്രീകളെ അംഗങ്ങളാക്കിയാണ് യൂണിറ്റ് ആരംഭിച്ചത്. തുടക്കത്തില്‍ ഓഡറുകള്‍ കുറവായിരുന്നു. എഴുപത് ദിവസത്തെ തൊഴില്‍ ദിനമാണ് നല്‍കിയിരുന്നത്. പന്ത്രണ്ട് കുട വരെ ഒരു ദിവസം നിര്‍മ്മിക്കും. കഴിഞ്ഞ വര്‍ഷം തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂടി. ഇക്കൊല്ലം മുപ്പതിനായിരം കുടകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ”. തമ്പിന്റെ സെക്രട്ടറിയായ മനേഷ് പറയുന്നു.

റീട്ടെയില്‍ മാര്‍ക്കറ്റല്ലാതെ നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പ്രചാരണം ഉള്‍പ്പെടെ ഇതിനായി നടത്തുന്നുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ എന്നിവയും ഉപയോഗപ്പെടുത്തുന്നുണ്ട്. മുപ്പതിനായിരം കുടകള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യമുള്ളതിനാല്‍ സന്നദ്ധ സംഘടനകള്‍ സഹകരണ സംഘങ്ങള്‍, അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയേയും ഇത്തവണ പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

“മൂലധനം കണ്ടെത്തുകയാണ് വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അതിനെ മറികടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്” മനേഷ് പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും കാര്‍ത്തുമ്പിക്ക് ലഭിച്ചിരുന്നു. പട്ടിക വര്‍ഗ ക്ഷേമവകുപ്പില്‍ നിന്നും പതിനാറ് ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം ലഭിച്ചു.

മറ്റ് ആദിവാസി മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് തമ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി മേഖലകളില്‍ 200 ചെറു യൂണിറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതി.ഇത്തവണ കൂടുതല്‍ ഓഡറുകള്‍ തുടക്കത്തില്‍ തന്നെ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് കാര്‍ത്തുമ്പിയിലെ സ്ത്രീകള്‍.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more