[] തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്ന് ആഗ്രഹമുള്ളതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. തീരുമാനം ഉമ്മന്‍ചാണ്ടിയെയും ഏ.കെ ആന്റണിയെയും വി.എം സുധീരനെയും അറിയിച്ചതായും നിയമസഭയില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.
സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും പാര്‍ട്ടി തീരുമാനത്തിന് വിധേയമായേ പ്രവര്‍ത്തിക്കുവെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിച്ചത് പാര്‍ട്ടിയാണ്. എല്ലാ പദവികളും സ്ഥാനങ്ങളും പാര്‍ട്ടി തന്നതാണ്. വിവാദം ഒഴിവാക്കാനാണ് മാധ്യമങ്ങളെ നേരിട്ട് അറിയിക്കുന്നതെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.
കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്നുമുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ രാജിക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പിന്നിലായത് കാര്‍ത്തികേയനെ വിഷമിപ്പിച്ചിരുന്നു.
ഇതോടെ മന്ത്രിസഭാ പുനഃസംഘടന ഉടനെ നടന്നേക്കുമെന്ന സൂചനയുണ്ട്. കാര്‍ത്തികേയനെ മന്ത്രിസഭയിലെടുക്കുമ്പോള്‍ നിലവിലുള്ള പ്രധാന വകുപ്പുകളില്‍ ഏതെങ്കിലുമൊന്നില്‍ മാറ്റം വന്നേക്കും. സ്ഥാനമൊഴിയണമെന്ന കാര്‍ത്തികേയന്റെ ആഗ്രഹം യു.ഡി.എഫില്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കും.