സലാറില്‍ ഏറ്റവുമധികം പ്രശംസിക്കപ്പെട്ട പ്രകടനമായിരുന്നു പൃഥ്വിരാജിന്റേത്. പ്രഭാസിനൊപ്പം ആക്ഷനും മാസിനും പൃഥ്വിരാജ് കട്ടക്ക് നിന്നപ്പോള്‍ നിരൂപകര്‍ പുകഴ്ത്തിയത് അദ്ദേഹത്തിന്റെ അഭിനയത്തെയായിരുന്നു. പൃഥ്വിരാജിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച ബാലതാരമായ കാര്‍ത്തികേയയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
താരം ഉടന്‍ തന്നെ മലയാളത്തിലേക്ക് എത്തും എന്ന വിവരമാണ് പുറത്ത് വരുന്നത്. സലാറില്‍ പൃഥ്വിരാജിന്റെ ചെറുപ്പം അഭിനയിച്ച കാര്‍ത്തികേയ ഇനി എമ്പുരാനിലും അദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിക്കും. കാര്‍ത്തികേയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സലാര്‍ ഷൂട്ടിനിടക്ക് പൃഥ്വിരാജ് തന്നെ സഹായിച്ചിരുന്നുവെന്നും കേരളത്തിലെ പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്ന് തോന്നിയെന്നും കാര്‍ത്തികേയ പറഞ്ഞു. ‘തെലുങ്ക് സിനിമ ബ്രദര്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സലാറിന്റെ സെറ്റില്‍ വെച്ച് പൃഥ്വി സാറുമായി മലയാള സിനിമയെ പറ്റിയും ലൂസിഫറിനെ പറ്റിയും സംസാരിച്ചിരുന്നു. പൃഥ്വി സാറിനെ പറ്റി കൂടുതല്‍ പറഞ്ഞുതന്നത് പ്രശാന്ത് സാറായിരുന്നു. ലൂസിഫറില്‍ പൃഥ്വിസാറിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ എന്നെ വിളിച്ചിരുന്നു.
മലയാളം ഇന്‍ഡസ്ട്രിയും തെലുങ്ക് ഇന്‍ഡസ്ട്രിയും തമ്മില്‍ വര്‍ക്കിങ് സ്റ്റൈലും മേക്കിങ് സ്റ്റൈലും തമ്മില്‍ വ്യത്യാസമുണ്ട്. കേരളത്തിലെ പ്രേക്ഷകര്‍ കഥാപാത്രത്തെ സ്വീകരിച്ചു എന്ന് തോന്നിയിട്ടുണ്ട്. സലാറില്‍ പൃഥ്വിസാര്‍ ഒരുപാട് ഹെല്‍പ് ചെയ്തിരുന്നു. ചെയ്യുന്ന രംഗത്തെ പറ്റി ഒരു വ്യക്തത ഉണ്ടാക്കാനായി സഹായിച്ചിരുന്നു,’ കാര്‍ത്തികേയ പറഞ്ഞു.
ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്തത്. അഞ്ച് ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Karthikeya, who played Prithviraj’s youth in Salaar, will now play his youth in Empuran as well