|

മലയാളികളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല; ഞാന്‍ ഒരുപാട് ഇമോഷണലായി: കാര്‍ത്തികേയ ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ പ്രഭാസിനെയും പൃഥ്വിരാജ് സുകുമാരനെയും നായകന്മാരാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാര്‍. ഈ സിനിമയില്‍ പൃഥ്വിരാജിന്റെ കൗമാരം അവതരിപ്പിച്ചിരുന്നത് കാര്‍ത്തികേയ ദേവ് എന്ന നടനായിരുന്നു.

കാര്‍ത്തികേയയുടെ അഭിനയം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ എമ്പുരാനിലും നടന്‍ അഭിനയിച്ചിരുന്നു.

ഈ സിനിമയില്‍ പൃഥ്വി ചെയ്ത സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കൗമാരമായിരുന്നു കാര്‍ത്തികേയ ദേവ് അവതരിപ്പിച്ചത്. അതിലെ നടന്റെ അഭിനയം ഏറെ പ്രശംസയേറ്റ് വാങ്ങിയിരുന്നു.

ഇപ്പോള്‍ എമ്പുരാനില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് ലഭിച്ച മലയാളികളുടെ സ്‌നേഹത്തെ കുറിച്ച് പറയുകയാണ് കാര്‍ത്തികേയ. കേരളത്തില്‍ നിന്ന് തിരികെ പോകുമ്പോള്‍ കൊണ്ടുപോകുന്നത് എന്താണെന്ന് ചോദിച്ചാല്‍, അത് കേരളത്തിലെ ആളുകളുടെ ഹൃദയമാകും എന്നാണ് നടന്‍ പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയ ദേവ്.

‘രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ഞാന്‍ തിരികെ പോകും. ഇവിടുന്ന് പോകുമ്പോള്‍ കൊണ്ടുപോകുന്നത് എന്താണെന്ന് ചോദിച്ചാല്‍, അത് തീര്‍ച്ചയായും കേരളത്തിലെ ആളുകളുടെ ഹൃദയമാകും (ചിരി).

എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍, അവര്‍ എന്നെ അപ്രോച്ച് ചെയ്ത രീതിയും അവര്‍ എന്നോട് കാണിച്ച സ്‌നേഹവുമാകും. ഞാന്‍ അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

ഞാന്‍ ഒരു മലയാളി ബോയ് അല്ലല്ലോ. പക്ഷെ എമ്പുരാന്‍ ടീമും കേരളത്തിലെ പ്രേക്ഷകരും എന്നെ സ്വന്തമായി കണ്ടു. അവര്‍ക്കൊക്കെ ഞാന്‍ അവരുടെ സഹോദരനെ പോലെയാണ്.

ഞാന്‍ അതില്‍ ഒരുപാട് ഇമോഷണലായിരുന്നു. അവര്‍ അത്രയേറെ സ്‌നേഹം എന്നോട് കാണിക്കുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും അവര്‍ക്ക് വേണ്ടി ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു,’ കാര്‍ത്തികേയ ദേവ് പറയുന്നു.

Content Highlight: Karthikeya Dev Talks About Love And Support Of Malayali Audience After Empuraan Movie