പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1986ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദേശാടനക്കിളി കരയാറില്ല. ഒരു സ്‌കൂള്‍ യാത്രയ്ക്കിടെ ഒളിച്ചോടിയ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറഞ്ഞത്. കാര്‍ത്തിക, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ ഇവര്‍ക്ക് പുറമെ മോഹന്‍ലാലും ഉര്‍വശിയും ഒന്നിച്ചിരുന്നു.
ഇപ്പോള്‍ പത്മരാജന്‍ തന്നെ ആ സിനിമയില്‍ കാസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടി കാര്‍ത്തിക. പത്മരാജന്റെ തന്നെ ‘കരിയിലക്കാറ്റ് പോലെ’ എന്ന സിനിമയുടെ സമയത്താണ് ഈ സിനിമയില്‍ കാസ്റ്റ് ചെയ്തത് എന്നും നടി പറയുന്നു. ‘കരിയിലക്കാറ്റ് പോലെ’ സിനിമയില്‍ കാര്‍ത്തിക മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു എത്തിയത്.
‘സാര്‍ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവിടെയിരുന്ന് കരഞ്ഞു. മമ്മൂട്ടിയുടെ മകളുടെ കഥാപാത്രമാണെന്ന് പറഞ്ഞു. ‘അയ്യോ മമ്മൂട്ടിയുടെ മോളോ, എന്നാല്‍ ഞാന്‍ ഇല്ല’ എന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു. അന്ന് അദ്ദേഹം ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും പെട്ടെന്ന് ലൈറ്റ് വന്നു.
അത്രനേരം ഇല്ലെന്ന് പറഞ്ഞ ഞാന്‍ ലൈറ്റ് വന്നതും ചെയ്യാമെന്ന് പറഞ്ഞു. അതെന്താ അങ്ങനെയെന്ന് എനിക്ക് അറിയില്ല. എല്ലാത്തിനും ഞാന്‍ നോ പറയും. പക്ഷെ അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ യെസ് പറഞ്ഞുപോകും. അതിന്റെ കാരണം എനിക്ക് അറിയില്ല. അങ്ങനെയാണ് ഞാന്‍ സാറിന്റെ ‘കരിയിലക്കാറ്റ് പോലെ’ എന്ന സിനിമ ചെയ്യുന്നത്.
അത് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയെ കുറിച്ച് സാര്‍ പറയുന്നത്. അതിന്റെ ഷൂട്ട് തിരുവനന്തപുരത്ത് തന്നെയായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ ശാരിയെ പരിചയപ്പെടുന്നത്. ശാരിയുടെ ആദ്യ സിനിമയായിരുന്നു അത്. ആദ്യമേ തന്നെ ഞങ്ങള്‍ പരസ്പരം അടുത്തു. അവള്‍ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയിരുന്നത്.
ശാരിക്ക് വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു. എന്നാല്‍ ഞാന്‍ അത്ര ബോള്‍ഡായ കഥാപാത്രം ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് മാത്രമായിരുന്നു ഞാന്‍ ആ സിനിമ ചെയ്യാന്‍ മുന്നോട്ട് വെച്ച കണ്ടീഷന്‍. കാരണം ഞാന്‍ അത്ര ബോള്‍ഡായ ആളല്ല, വളരെ നാണമുള്ള ഒരാളാണ്,’ കാര്‍ത്തിക പറഞ്ഞു.
Content Highlight: Karthika Talks About Deshadanakkili Karayarilla Movie