കർണാട്ടിക് സംഗീത അധ്യാപികയും പിന്നണി ഗായികയുമാണ് കാർത്തിക വൈദ്യനാഥൻ. തമിഴിലും മലയാളത്തിലുമായി കാർത്തിക പാടിയ ഗാനങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ബോംബെ ജയശ്രീയുടെ ശിക്ഷ്യയും ചലച്ചിത്രതാരം അപർണ്ണ ബാലമുരളിയുടെ ഗുരുവുമാണ് ഇവർ.ചിറ്റ എന്ന സിനിമയിലെ ‘കൺകൾ ഏതോ’ എന്ന ഗാനത്തിലൂടെ 2024 ലെ മികച്ച തമിഴ് പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയിരിക്കുകയാണ് കാർത്തിക ഇപ്പോൾ.
ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു കാർത്തിക വൈദ്യനാഥൻ. കൗമാര പ്രായത്തിൽ തന്നെ ജഡ്ജ് ചെയ്യപ്പെടുന്നു എന്ന ചിന്ത വല്ലാതെ തന്നെ ഭയപ്പെടുത്തിയെന്നും അന്നത്തെ തന്നെ ഇന്ന് കാണുകയാണെങ്കിൽ സ്റ്റേജിൽ നിന്നും കൂട്ടികൊണ്ട് വീട്ടിൽ പോയി നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറയുമെന്നും ഐ.ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തിക വൈദ്യനാഥൻ പറയുന്നു.
‘ആ കാലത്തെ എന്നെ കാണുമ്പോൾ എനിക്ക് പാവം തോന്നും. ഏതോ ഒരു ലോകത്ത് ഇങ്ങനെ പാടിനടന്ന കുട്ടിയെ പിടിച്ച് പെട്ടന്ന് കുറെ സ്പോട് ലൈറ്റിന്റെ മുന്നിൽ കൊണ്ടിട്ട് നാലാൾക്കാരെ ജഡ്ജ് ചെയ്യാനൊക്കെ കൊണ്ടിട്ടാൽ കയ്യിന്ന് പോകും. അതും ചിത്ര ചേച്ചിയും ശരത്ത് സാറും. അവരുടെ മുന്നിൽ ഒരു കോമ്പറ്റിഷൻ എന്നൊക്കെ പറഞ്ഞു നിർത്തുന്നത്.., ഇന്നാണെങ്കിൽ ഞാൻ ആ കാർത്തികയെ സ്റ്റേജിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടിട്ട് വീട്ടിൽ പോയി നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറയുമായിരുന്നു.’ കാർത്തിക പറയുന്നു.
തനിക്ക് വല്ലാത്ത സഭാകമ്പമാണെന്നും അതുകൊണ്ടു തന്നെ അത്രയും വർഷം പ്രൊഫഷണൽ ആയി പാട്ട് പഠിച്ചിട്ട് പോലും ജഡ്ജസിന്റെ മുന്നിൽ നന്നായി പാടാൻ കഴിഞ്ഞില്ലെന്നും കോളേജുകളിൽ പാർട്ട് ടൈമിൽ പാടിക്കൊണ്ട് നടന്നിരുന്നവർ വരെ തന്നെക്കാൾ നന്നായിട്ട് സ്റ്റേജിൽ പാടുമായിരുന്നെന്നും കാർത്തിക പറയുന്നു.
ഒരിക്കൽ തന്റെ പേടി മനസിലാക്കിയ ഉഷ ഉതുപ്പ് തന്നെ വിളിച്ചു സംസാരിച്ച് ആത്മവിശ്വാസം നൽകിയെന്നും കാർത്തിക അഭിമുഖത്തിൽ പറയുന്നു.
‘ഒരു ദിവസം പേടിച്ചിരിക്കുന്ന എന്നെ ഉഷ മാം വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഇതൊരിക്കലും നിന്റെ അവസാനത്തെ അവസരമല്ല. നിന്റെ ചിന്തകൾ കൊണ്ട് നീ തന്നെയാണ് നിന്നെ ജഡ്ജ് ചെയ്യുന്നത്. അവിടിരിക്കുന്ന ജഡ്ജസ് നിന്നെ ജഡ്ജ് ചെയ്യുന്നത് ഇത് ടി.ആർ.പി വേണ്ടൊരു റിയാലിറ്റി ഷോ ആയതുകൊണ്ടാണ്. നീ എന്താണോ ചെയ്യേണ്ടത് അത് തന്നെ നിനക്ക് ചെയ്യാം, എന്നെല്ലാം എന്നോട് പറഞ്ഞു. അത് തന്നൊരു ആത്മവിശ്വാസം വളരെ വലുതാണ്.’ കാർത്തിക പറയുന്നു.
Content Highlight: karthika vaidyanathan Talk About Usha Uthup And Star Singer