ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്ത താരമായിരുന്നു സുരേഷ് റെയ്‌ന. ബാറ്ററായും പാര്‍ട്ട് ടൈം ബൗളറായും ഫീല്‍ഡറായും താരം ഇന്ത്യയ്ക്കായി തിളങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ യുവതാരങ്ങളെ പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും താരം മടി കാണിക്കാറില്ല.
അത്തരത്തില്‍ തന്നെ സുരേഷ് റെയ്‌ന പിന്തുണച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ കാര്‍ത്തിക് ത്യാഗി.
2022 അണ്ടര്‍ 19 ലോകപ്പിലൂടെയാണ് ത്യാഗി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചര്‍ച്ചയാവുന്നത്. എതിര്‍ ടീമുകളുടെ 11 വിക്കറ്റുകള്‍ പിഴുത് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായും താരം മാറിയിരുന്നു.
അതേവര്‍ഷം 20 ലക്ഷം എന്ന അടിസ്ഥാന വിലയ്ക്ക് താരം ഐ.പി.എല്ലില്‍ കളിക്കുയും ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
നാല് കോടി രൂപയ്ക്കാണ് ഇത്തവണത്തെ മെഗാലേലത്തില്‍ ത്യാഗിയെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
എന്നാല്‍ ഇതൊന്നും തന്നെ സുരേഷ് റെയ്‌ന ഇല്ലായിരുന്നുവെങ്കില്‍ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം ജീവിതത്തിലെത്തിയത് ദൈവത്തെ പോലെ ആണെന്നുമാണ് ത്യാഗി പറയുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
‘സുരേഷ് റെയ്‌ന എന്റെ ജീവിതത്തിലെത്തിയത് ദൈവത്തെ പോലെയാണ്. രഞ്ജി ടീമില്‍ സെലക്ടായതിന് ശേഷമാണ് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.
ഞാന്‍ രഞ്ജി ക്യാമ്പിലെത്തിയപ്പോള്‍ അവിടെ സുരേഷ് റെയ്‌നയുമുണ്ടായിരുന്നു. അദ്ദേഹം മടങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെയടുത്ത് വരികയും എന്റെ കളിയെ കുറിച്ച് ചോദിക്കുകയും ചെയ്തു.
ഞാന്‍ ബൗളറാണെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്തു. എന്റെ ബൗളിംഗ് കണ്ട ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് എന്റെ ബൗളിംഗ് വളരെയധികം ഇഷ്ടമായെന്നും ഭാവിയില്‍ നിനക്കുള്ള അവസരം ഞാന്‍ ഉറപ്പ് നല്‍കുന്നു എന്നുമാണ്,’ ത്യാഗി പറയുന്നു.