Entertainment
രജിനികാന്തിന്റെ ആ ഡാര്‍ക്ക് ഹ്യൂമര്‍ രംഗമാണ് ജയിലര്‍ സിനിമയിലെ എന്റെ പ്രിയപ്പെട്ട സീന്‍: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 18, 03:49 am
Wednesday, 18th September 2024, 9:19 am

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കിയ ചിത്രമായിരുന്നു ജയിലര്‍. സ്‌റ്റൈല്‍ മന്നന്‍ രജിനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ആയിരുന്നു. ജയിലര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായി മാറി. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറും മലയാളത്തിന്റെ മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

രജിനികാന്തിന്റെ ഫാന്‍ ബോയ് ആണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. പേട്ട എന്ന ചിത്രം അദ്ദേഹം രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജയിലര്‍ സിനിമയിലെ തന്റെ പ്രിയപ്പെട്ട രംഗത്തെ കുറിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

ചിത്രത്തിന്റെ സംവിധായകനായ നെല്‍സണ് ഒരു ഡാര്‍ക്ക് ഹ്യൂമര്‍ സൈഡ് ഉണ്ടെന്നും നെല്‍സന്റെ ആ ഡാര്‍ക്ക് ഹ്യൂമറില്‍ രജിനികാന്ത് പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു എന്നും കാര്‍ത്തിക് പറയുന്നു.

‘ജയിലര്‍ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ ഇന്റര്‍വെല്‍ ബ്ലോക്ക് എനിക്ക് വളരെ ഇഷ്ടമാണ്. എന്നാലും ജയിലര്‍ സിനിമയില്‍, ആ ചിത്രത്തിന്റെ സംവിധായകനായ നെല്‍സണ് ഒരു ഡാര്‍ക്ക് ഹ്യൂമര്‍ സൈഡ് ഉണ്ട്. നെല്‍സന്റെ ആ ഡാര്‍ക്ക് ഹ്യൂമറില്‍ തലൈവര്‍ രജിനികാന്ത് പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കത് വളരെ ഇഷ്ടപ്പെട്ടു.

എടുത്ത് പറയുകയാണെങ്കില്‍ സെക്കന്റ് ഹാഫില്‍ അദ്ദേഹം ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രംഗമുണ്ട്. ആദ്യം നോര്‍മലായിട്ടാണ് സംസാരിക്കുന്നത്, പിന്നീട് പെട്ടന്ന് ലൈറ്റ് മാറും. ചുവന്ന കളര്‍ ഉള്ള ലൈറ്റ് ആയിട്ട് അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് മാറും. അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുമ്പോള്‍ അയാളും പേടിക്കുന്നതായിട്ട് കാണിക്കുന്നുണ്ട്. രജനികാന്തിനെ അങ്ങനെയൊരു ഡാര്‍ക്ക് ഹ്യൂമര്‍ സീനില്‍ കണ്ടപ്പോള്‍ അത് വളരെ പുതുമയുള്ളതായി തോന്നി,’ കാര്‍ത്തിക്ക് സുബ്ബരാജ് പറയുന്നു.

Content Highlight: Karthik Subbaraj Talks About His favorite Scene From Jailer Movie