തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. ജിഗര്‍തണ്ട, പേട്ട, മഹാന്‍, ഇരൈവി, പിസ മുതലായ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കാര്‍ത്തിക് ഇപ്പോള്‍ ജിഗര്‍തണ്ട 2 പുറത്തിറക്കി സിനിമാ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
വിജയ്‌ക്കൊപ്പം ഒരു സിനിമക്കായി ഒന്നിക്കാനുള്ള സാധ്യതകളെ പറ്റി സംസാരിക്കുകയാണ് കാര്‍ത്തിക്. വിജയ്‌യോട് താന്‍ രണ്ട് കഥകള്‍ പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹത്തിന് അത് രണ്ടും കണക്ടായില്ലെന്നും കാര്‍ത്തിക് പറഞ്ഞു. അദ്ദേഹം ഇനിയും സംസാരിച്ചാല്‍ ഓക്കെ പറയുന്ന രീതിയില്‍ തന്റെ കയ്യില്‍ കഥയുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം ഓക്കെ പറഞ്ഞാല്‍ ഒരു സിനിമ തീര്‍ച്ചയായും നടക്കും. രണ്ട് കഥകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷേ അദ്ദേഹത്തിന് അത് കണക്ടായില്ല. അദ്ദേഹം ചോദിച്ചാല്‍ ഇനിയും കഥ പറയും. അങ്ങനെ ചോദിക്കുകയാണെങ്കില്‍ അദ്ദേഹം ഓക്കെ പറയുന്ന രീതിയില്‍ ഒരു കഥയുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.
നവംബര്‍ പത്തിനാണ് ജിഗര്‍തണ്ട 2 തിയേറ്ററുകളില്‍ എത്തിയത്. എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2014ല്‍ തമിഴില്‍ ട്രെന്‍ഡ്സെറ്ററായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് നിര്‍വഹിക്കുന്നത്. കാര്‍ത്തികേയന്‍, സന്തനം എസ്. കതിരേശന്‍, അലങ്കാര പാണ്ഡ്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരു ആണ്. സന്തോഷ് നാരായണ്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Karthik subbaraj talks about doing a film with vijay