വ്യത്യസ്ത സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. കഥ പറച്ചിലിലും ഫിലിം മേക്കിങ്ങിലും വേറിട്ട് നിൽക്കുന്ന കാർത്തിക് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിഗർതാണ്ട ഡബിൾ എക്സ്’.
രാഘവ ലോറൻസ്, എസ്.ജെ. സൂര്യ, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം റിലീസിനൊരുങ്ങവേ ചിത്രത്തിലേക്ക് എസ്.ജെ. സൂര്യയെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാർത്തിക്.
‘2022 ൽ തന്നെ ജിഗർതാണ്ടയുടെ തിരക്കഥ ഞാൻ പൂർത്തിയാക്കിയിരുന്നു. സിനിമയുടെ ആദ്യ പകുതി എഴുതുമ്പോൾ തന്നെ ഞാൻ ഉറപ്പിച്ച കാര്യമായിരുന്നു ലോറൻസ് സാറിനെതിരെയുള്ള കഥാപാത്രം നല്ല പെർഫോമൻസ് ആവശ്യമുള്ള വേഷമാണെന്ന്. അത് ആരു ചെയ്യും എന്ന് ചിന്തിച്ചപ്പോൾ എന്റെ മനസിൽ ആദ്യം വന്നത് എസ്.ജെ. സൂര്യ സാർ ആയിരുന്നു.
അദ്ദേഹം ഈ കഥാപാത്രത്തിന് യോജിച്ചതാവും എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എസ്.ജെ സാറിനെ കണ്ടുകൊണ്ടാണ് ഞാൻ സിനിമയുടെ മറ്റു കാര്യങ്ങൾ പൂർത്തിയാക്കിയത്.
പിന്നീട് അദ്ദേഹവും കഥ കേട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി ഒരു ഫിലിം മേക്കറുടെ വേഷമായിരുന്നു ഞാൻ ചിത്രത്തിൽ വിചാരിച്ചിരുന്നത്. എന്നാൽ അതറിഞ്ഞപ്പോൾ അദ്ദേഹത്തിന് ഈ വേഷം ചെയ്യണോ എന്ന് സംശയമായിരുന്നു. കാരണം ഒരു സിനിമ സംവിധായാകനായാണ് എസ്.ജെ. സൂര്യ സാർ സിനിമ കരിയർ ആരംഭിച്ചത്.
അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പിന്നീട് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ വലിയ നടനായി അദ്ദേഹം മാറി. ഇനി ഈ സിനിമയിലൂടെ വീണ്ടും ഒരു സിനിമ സംവിധായകന്റെ വേഷത്തിൽ കണ്ടാൽ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്നായിരുന്നു എസ്. ജെ. സൂര്യ സാർ ചോദിച്ചത്. എന്നാൽ ഒടുവിൽ അദ്ദേഹം തന്നെ ആ കഥാപാത്രം ചെയ്യാം എന്ന് തീരുമാനിച്ചു.
ഈ ചിത്രത്തിൽ അദ്ദേഹം സംവിധായകൻ സത്യജിത് റേയുടെ സഹ സംവിധായകനായ ഒരാളെന്ന രീതിയിലാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സത്യജിത് സാറിന്റെ രൂപത്തിൽ നിന്നും വേഷത്തിൽ നിന്നും ഒരുപാട് സാമ്യമുണ്ട് ആ കഥാപാത്രത്തിന്.
ഡ്രസിങ് ആണെങ്കിലും, മീശയും കണ്ണടയും എല്ലാം അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. കൽക്കട്ടയിൽ നിന്ന് വരുന്ന ഒരു ഫിലിം മേക്കർ ആണ് ആ കഥാപാത്രം,’കാർത്തിക് സുബ്ബരാജ് പറയുന്നു.
Content Highlight: Karthik Subbaraj Talk About S.J.Surya And Jigerthanda Double x Movie