വ്യത്യസ്തമായ സിനിമകളിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ഏറ്റവും ഒടുവിലായി കാർത്തിക്കിന്റെ സംവിധാനത്തിൽ പിറന്ന ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
പ്രമേയത്തിലും മേക്കിങ്ങിലും എന്നും പരീക്ഷണങ്ങൾ കൊണ്ടുവരാറുള്ള കാർത്തിക് അൽഫോൺസ് പുത്രനെ കുറിച്ചും താൻ ആദ്യമായി ഇംഗ്ലീഷ് സിനിമകൾ കാണാൻ ആരംഭിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ്. അൽഫോൺസുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് മുൻപും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിനിമ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ആദ്യമായി കണ്ട ചിത്രം ‘ഷാവ്ഷാങ്ക് റിഡംപ്ഷൻ’ ആണെന്നും. അതിന് ശേഷം കണ്ട ഒരുപാട് സിനിമകൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കാർത്തിക്ക് പറയുന്നു. ഈയിടെ അൽഫോൺസിനോട് സംസാരിച്ചെന്നും അൽഫോൺസ് ഇനിയും സിനിമകൾ ചെയ്യുമെന്ന് വിശ്വാസമുണ്ടെന്നും കാർത്തിക് ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞു.
‘ഞാൻ കണ്ട് വളർന്ന ഇഗ്ലീഷ് സിനിമകൾ ജുറാസിക് പാർക്കും കമ്മാൻഡോയുമെല്ലാം ആയിരുന്നു. സിനിമ വളരെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായി കണ്ട ഇംഗ്ലീഷ് ഫിലിം ഷാവ്ഷാങ്ക് റിഡംപ്ഷൻ ആയിരുന്നു. എന്റെ സുഹൃത്തായിരുന്നു അങ്ങനെയുള്ള സിനിമകൾ കാണണമെന്ന് എന്നോട് പറഞ്ഞത്. അന്ന് മുതലാണ് ഇംഗ്ലീഷ് സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത്.
പൾപ്പ് ഫിക്ഷൻ അങ്ങനെയാണ് ഞാൻ കാണുന്നത്. ഗുഡ് ഫെല്ലാസ് എന്ന ചിത്രമെല്ലാം അതിന് ശേഷമാണ് ഞാൻ കണ്ടത്. അപ്പോഴാണ് ഓരോ സംവിധായകരുടെയും വ്യത്യസ്ത പെര്‍സ്‌പെക്ടീവുകളെ കുറിച്ച് ഞാൻ മനസിലാക്കാൻ തുടങ്ങിയത്. ടെറന്റീനോയുടെ സിനിമകളും കോയിൻ ബ്രദേർസിന്റെ സിനിമകളുമെല്ലാം വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
ഗയ് റിച്ചിയുടെ സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധകൻ ഒന്നുമല്ലായിരുന്നു. എന്നാൽ അൽഫോൺസ് പുത്രൻ അങ്ങനെ അല്ലായിരുന്നു. അവൻ ഗയ് റിച്ചിയുടെ വലിയ ഫാൻ ആയിരുന്നു. കാരണം അവൻ സിനിമയുടെ എഡിറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. എഡിറ്റിങ്ങിന്റെ പവർ മാക്സിമം ഉപയോഗിക്കുന്ന ചിത്രങ്ങൾ ആയിരുന്നു ഗയ് റിച്ചിയുടെ സിനിമകൾ.
ഈയിടെ അൽഫോൺസ് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അത് കണ്ട് ഞാൻ അൽഫോൻസിന് മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ സംസാരിച്ചു. എനിക്ക് തോന്നുന്നത് അൽഫോൺസ് ഇനിയും ഒരുപാട് മികച്ച സിനിമകൾ ചെയ്യും എന്നാണ്,’ കാർത്തിക് സുബ്ബരാജ് പറയുന്നു.
ജിഗർതണ്ട ഡബിൾ എക്സ് മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടുന്നത്.എസ്.ജെ. സൂര്യ, രാഘവ ലോറൻസ് എന്നിവരോടൊപ്പം മലയാള താരങ്ങളായ നിമിഷ സജയനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Karthik Subbaraj Talk About Alphonse Puthran