|

ഏതൊരു സംവിധായകനും നേരിടുന്ന വെല്ലുലിളി അതാണെന്ന് ഞാന്‍ കരുതുന്നു: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. 2012ല്‍ പുറത്തിറങ്ങിയ പിസ എന്ന സിനിമ തമിഴ് സിനിമയുടെ മാറ്റത്തിന് വഴിയൊരുക്കിയ സിനിമകളില്‍ ഒന്നാണ്. ചുരുക്കം സിനിമകളുടെ പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും തമിഴിലെ മികച്ച സംവിധായകരുടെ നിരയില്‍ ഇടം നേടാന്‍ കാര്‍ത്തികിന് സാധിച്ചു.

ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രം പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായി മാറിയിരുന്നു. എന്നാല്‍ ചില സിനിമകള്‍ക്ക് പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഏതൊരു സംവിധായകനും വെല്ലുവിളി നേരിടുമെന്നും കാര്‍ത്തിക് സുബ്ബരാജ് വ്യക്തമാക്കി.

‘ചില സിനിമകള്‍ക്ക് നമ്മള്‍ വിചാരിച്ചപോലൊരു സ്വീകാര്യത ലഭിക്കാതിരിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അതിന് ശേഷം ചെയ്യുന്ന സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടാലും മുന്നേ ചെയ്ത സിനിമയുടെ റിസള്‍ട്ട് മാറാന്‍ പോകുന്നില്ല.

പേട്ടക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രമാണ് ജഗമേ തന്തിരം. ഒരു ഗ്യാങ്സ്റ്റര്‍ സിനിമയില്‍ അഭയാര്‍ത്ഥി പ്രശ്‌നം പോലൊരു വിഷയം പറയണം എന്ന രീതിയിലായിരുന്നു ആ സിനിമ ചെയ്തത്. ചിലര്‍ക്ക് ആ സിനിമ നല്ലതുപോലെ വര്‍ക്കായി. എന്നാല്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ആ ചിത്രം കണക്ട് ആയില്ല. അത് എന്നെ വല്ലാതെ അലട്ടി. എന്തുകൊണ്ട് ആളുകള്‍ക്ക് അത് കണക്ടായില്ല എന്ന ചോദ്യം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിനെ മറികടന്ന് അടുത്ത സിനിമ ചെയ്യുക എന്നത് എനിക്ക് മാത്രമല്ല ഏതൊരു സംവിധായകനും വെല്ലുവിളി നിറഞ്ഞതാണ്.

ജഗമേ തന്തിരത്തിന് ശേഷം മഹാന്‍ ചെയ്തു. അതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പക്ഷേ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഈ രണ്ട് സിനിമകളും ഒ.ടി.ടി റിലീസ് ആയിരുന്നു. പ്രേക്ഷകരുടെ കൂടെയിരുന്ന് സിനിമ കണ്ട് അതിന്റെ റെസ്‌പോണ്‍സ് അറിയാന്‍ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെ നോക്കുമ്പോള്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നെ സംബന്ധിച്ച് കരിയറില്‍ വളരെ പ്രാധാന്യമുള്ള സിനിമയായി കരുതുന്നു. ആ സിനിമക്ക് ലഭിച്ച സ്വീകരണം, പ്രേക്ഷകരും നിരൂപകരും അതിനെ സ്വീകരിച്ച വിധം എന്നെ വളരെ സന്തോഷവാനാക്കി. എന്നാല്‍ ആ സ്വീകാര്യത ഞാന്‍ ചെയ്യുന്ന അടുത്ത സിനിമയെ സ്വാധീനിക്കില്ല,’  കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞു.

ദീപാവലി റിലീസ് ആയ ചിത്രത്തില്‍ രാഘവ ലോറന്‍സും എസ്.ജെ സൂര്യയുമാണ് നായകര്‍. മലയാളത്തില്‍ നിന്ന് നിമിഷാ സജയനും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു

Content Highlight: Karthik Subbaraj speaks about how he overcome from failures