| Saturday, 23rd November 2024, 9:52 pm

എന്റെ കഥ ആ സംവിധായകന്റെ വിഷനിലൂടെ കാണാനാണ് ആഗ്രഹം, അയാളുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു. രജിനി എന്ന നടന്റെ ഫാന്‍ബോയ് ആയ കാര്‍ത്തിക് തന്റെ ഇഷ്ടനടന് കൊടുത്ത ട്രിബ്യൂട്ടായിരുന്നു പേട്ട.

കാര്‍ത്തിക് സുബ്ബരാജിന്റെ കഥയില്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. റാം ചരണിനെ നായകനാക്കി 300 കോടി ബജറ്റില്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രം 2021ലാണ് അനൗണ്‍സ് ചെയ്തത്. പല തവണ ഷൂട്ട് നീണ്ടുപോയ ചിത്രം 2025 ജനുവരിയില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

ചിത്രത്തിന്റെ ടീസര്‍ താന്‍ കണ്ടെന്നും ആ സിനിമ തന്റെ വിഷനല്ലെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. എന്റെ കഥയെ ഷങ്കറിന്റെ വിഷനിലൂടെ കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ആ ഒരു കാര്യമാണ് തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നതെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. റാം ചരണ്‍ വളരെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

ചെറുപ്പം മുതല്‍ താന്‍ കണ്ടുവളര്‍ന്നത് ഷങ്കറിന്റെ സിനിമകളാണെന്നും അത്തരത്തില്‍ ഒരു മാസ്റ്റര്‍ ഡയറക്ടറോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സിനിമയില്‍ സ്‌റ്റോറി റൈറ്റര്‍ എന്ന് ടൈറ്റില്‍ എഴുതി കാണിച്ചത് വലിയൊരു ഫീലിങ്ങാണെന്നും കാര്‍ത്തിക് പറഞ്ഞു. ഐ.എഫ്.എഫ്.ഐയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘ഗെയിം ചേഞ്ചര്‍ എന്നത് ഒരിക്കലും എന്റെ വിഷനല്ല. എന്റെ കഥ ഷങ്കര്‍ സാറിന്റെ വിഷനിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന സിനിമയാണത്. അതില്‍ വളരെയധികം സന്തോഷമുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഞാന്‍ കണ്ടിരുന്നു. ഒരുപാട് എക്‌സൈറ്റ്‌മെന്റ് അതിലൂടെ ലഭിച്ചു. റാം ചരണ്‍ സാറും അതില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. എന്റെ കഥ ഷങ്കര്‍ സാര്‍ ഏത രീതിയില്‍ അണിയിച്ചൊരുക്കും എന്ന് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്.

ചെറുപ്പം മുതല്‍ ഷങ്കര്‍ സാറിന്റെ സിനിമകള്‍ കണ്ടുവളര്‍ന്നയാളാണ് ഞാന്‍. എന്നെ സംബന്ധിച്ച് ഇതൊരു സ്വപ്‌നതുല്യമായ അവസ്ഥയാണ്. അദ്ദേഹത്തപ്പോലുള്ളവരെയാണ് ഞാന്‍ റോള്‍ മോഡലാക്കിയത്. അത്തരത്തില്‍ മാസ്റ്ററായിട്ടുള്ള ഒരു സംവിധായകന്റെ ചിത്രത്തില്‍ സ്‌റ്റോറി റൈറ്ററായി എന്റെ പേര് കണ്ടത് വല്ലാത്തൊരു ഫീലിങ്ങായിരുന്നു,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj shares his expectations of Game Changer movie

We use cookies to give you the best possible experience. Learn more