| Friday, 18th October 2024, 3:05 pm

തോക്കുണ്ടെങ്കിലും സൂര്യ 44 ഗ്യാങ്‌സ്റ്റര്‍ സിനിമയല്ല: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. 2012ല്‍ റിലീസായ പിസയിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇരൈവി, ജിഗര്‍തണ്ട, മെര്‍ക്കുറി, പേട്ട തുടങ്ങി വ്യത്യസ്ത ഴോണറുകളില്‍ സിനിമ ചെയ്ത് പ്രേക്ഷകരുടെ പ്രീതി നേടി. സൂര്യയോടൊപ്പം കാര്‍ത്തിക് സുബ്ബരാജ് ആദ്യമായി ഒന്നിക്കുന്ന സൂര്യ 44ന്റെ പണിപ്പുരയിലാണ് അദ്ദേഹം.

വ്യത്യസ്തമായ ലുക്കില്‍ സൂര്യയെ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്‌സും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണെന്നാണ് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. തോക്കുമായി സൂര്യ നടന്നുവരുന്ന ഗ്ലിംപ്‌സ് വീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. താന്‍ ഏത് സിനിമ ചെയ്താലും അത് ഗ്യാങ്സ്റ്റര്‍ ഴോണറാണെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

എന്നാല്‍ ഒരുപാട് കാലങ്ങളായി ഒരു റൊമാന്‍സ് ചിത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും സൂര്യ 44 അത്തരത്തില്‍ ഒരു ചിത്രമായിരിക്കുമെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് ആക്ഷന്‍ സീനുകളുള്ള ലവ് സ്റ്റോറിയാണ് സൂര്യ 44 എന്നും തോക്ക് കാണിച്ചതുകൊണ്ട് അത് ഒരു ഗ്യാങ്‌സ്റ്റര്‍ സിനിമയായിരിക്കില്ലെന്നും കാര്‍ത്തിക് പറഞ്ഞു. സൂര്യയുടെയും പൂജ ഹെഗ്‌ഡേയുടെയും കരിയറിലെ മികച്ച റൊമാന്‍സ് സിനിമകളിലൊന്നാകും സൂര്യ 44 എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇപ്പോള്‍ ഏത് സിനിമ ചെയ്താലും അത് ഗ്യാങ്‌സ്റ്റര്‍ സിനിമയായിരിക്കുമെന്നാണ് പലരും കരുതുന്നത്. ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമാണ് ഒരു ലവ് സ്റ്റോറി ചെയ്യണമെന്നുള്ളത്. സൂര്യ 44 അത്തരത്തിലൊരു സിനിമയാണ്. ഒരു ലവ് സ്‌റ്റോറി വിത് ലോട് ഓഫ് ആക്ഷന്‍ സീന്‍സ്. ഒരുപാട് ആക്ഷന്‍ സീനുകള്‍ ഉണ്ടെങ്കിലും ആ സിനിമയുടെ കോര്‍ എന്നത് ലവ് സ്‌റ്റോറിയാണ്.

സൂര്യയെയും പൂജ ഹെഗ്‌ഡേയും വെച്ച് ചെയ്യുന്ന സിനിമ ഗ്യാങ്സ്റ്റര്‍ ഴോണറാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമ ഒരു ലവ് സ്‌റ്റോറിയാക്കാമെന്ന് വിചാരിച്ചത്. ഈ സിനിമയില്‍ ഞാന്‍ എക്‌സൈറ്റഡാണ്. സൂര്യ തോക്കെടുത്ത് വെടിവെക്കുന്ന സീന്‍ കണ്ടിട്ട് പലരും ഇതൊരു ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നാണ് കരുതിയിരിക്കുന്നത്,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

Content Highlight: Karthik Subbaraj says that Suriya 44 will be a love story

Video Stories

We use cookies to give you the best possible experience. Learn more