ഗോഡ്‌സേയെ പറ്റി മോശമായി പറയാന്‍ പറ്റാത്ത രീതിയില്‍ നമ്മുടെ നാട് മാറി എന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ഗാന്ധി മരിച്ചു എന്ന് പറയാം, എന്നാല്‍ ഗാന്ധിയെ ഗോഡ്‌സേ കൊന്നു എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.
സത്യം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തികിന്റെ പ്രതികരണം.
‘മഹാന്‍ സിനിമയില്‍ ഒരു ഡയലോഗുണ്ട്. ‘നിന്നെ പോലുള്ളവരാണ് ഗാന്ധിയെ കൊന്നതെ’ന്ന്. അത് മാറ്റാന്‍ പലരും ആവശ്യപ്പെട്ടു. കാരണം ഇവിടെ ഗാന്ധിയെ പറ്റി എന്തും പറയാം. എന്നാല്‍ ഗോഡ്‌സേയെ പറ്റി പറഞ്ഞാല്‍ പ്രശ്‌നം ആകുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഈ നാട്.
ഗോഡ്‌സേയെ പറ്റി മോശമായി പറഞ്ഞാല്‍ ഇവിടെ തെറ്റാകും. ഗാന്ധി മരിച്ചു എന്ന് പറയാം. എന്നാല്‍ ഗാന്ധിയെ ഗോഡ്‌സേ കൊന്നു എന്ന് പറയാന്‍ പറ്റില്ല. ചിലര്‍ക്ക് ദേഷ്യം വരും,’ കാര്‍ത്തിക് പറഞ്ഞു.
‘ഗോഡ്‌സേ നമ്മുടെ രാഷ്ട്രപിതാവിനെ കൊന്ന തീവ്രവാദിയാണ്. എനിക്കത് പറയാന്‍ മടിയില്ല. പക്ഷേ നമ്മുടെ നാട്ടില്‍ അത് പറയാന്‍ പാടില്ല എന്ന നില വന്നത് ദുഖകരമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിക്രം, ധ്രുവ് വിക്രം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘മഹാനാ’ണ് കാര്‍ത്തികിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തു വന്ന ചിത്രം. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍.
ബോബി സിംഹ, വാണി ഭോജന്‍, സിമ്രാന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Karthik Subbaraj says Some people will be angry if Godse kills Gandhi