ഫിലിംമേക്കിങ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്: മഞ്ഞുമ്മലിനെ പ്രശംസിച്ച് കാര്‍ത്തിക് സുബ്ബരാജും
Entertainment
ഫിലിംമേക്കിങ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്: മഞ്ഞുമ്മലിനെ പ്രശംസിച്ച് കാര്‍ത്തിക് സുബ്ബരാജും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 2:04 pm

ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ്. ഈയടുത്ത് ഒരു മലയാളസിനിമക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും വലിയ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കണ്ട പല പ്രമുഖരും മുഴുവന്‍ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഏറ്റവുമൊടുവിലായി തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും സിനിമയെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇത്രയും ഗംഭീരമായ തിയേറ്റര്‍ അനുഭവം മിസ്സ് ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ചെയ്തത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ് സൂപ്പര്‍…ഫന്റാസ്റ്റിക്….ഗംഭീര സിനിമ. ഫിലിംമേക്കിങ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്. ഇത്രയും മികച്ച തിയേറ്റര്‍ അനുഭവം മിസ്സ് ചെയ്യരുത്,’ കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും ചിത്രം കണ്ട ശേഷം അണിയറപ്രവര്‍ത്തകരെ ചെന്നൈയില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. കൊടൈക്കനാലിലെ ഗുണാ കേവ്‌സ് സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന ഗുഹ, കമല്‍ ഹാസന്റെ ഗുണാ എന്ന സിനിമ ചിത്രീകരിച്ചതിന് ശേഷമാണ് ഗുണാ കേവ്‌സ് എന്നറിയപ്പെട്ടത്. ഗുണാ എന്ന സിനിമക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്ന് സിനിമയുടെ സംവിധായകന്‍ ചിദംബരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് കായികമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു.

Content Highlight: Karthik Subbaraj appreciates Manjummel Boys