ഗ്യാങ്‌സ്റ്റര്‍ കഥ പറയുന്ന കാര്‍ത്തിക്ക് സുബ്ബരാജിന്റെ പുതിയ ചിത്രം ജഗമേ തന്തിരത്തിലെ ജോജുവിന്റെ വേഷവും ചിത്രങ്ങളും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഷൂട്ടിംഗ് സെറ്റിലെ ജോജുവിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക്ക്.
പൂജ തല്‍വാറിന്റെ യൂട്യൂബ് ചാനലില്‍ ‘ക്യാന്‍ഡിഡ് കോണ്‍വര്‍ സേഷന്‍സ്’ എന്ന അഭിമുഖത്തിലായിരുന്നു ജോജുവിന്റെ ഗെറ്റ് അപിനെക്കുറിച്ച് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞത്.
ഷൂട്ടിംഗ് സെറ്റില്‍ ജാക്കറ്റും കണ്ണടയുമൊക്കെ വെച്ച് വരുമ്പോള്‍ ജോജു തന്നെ ആ വേഷം ആസ്വദിക്കുകയാണെന്ന് മനസിലാകും എന്നാണ് കാര്‍ത്തിക്ക് പറഞ്ഞത്.
ആ വേഷം ധരിച്ച് വരുമ്പോള്‍ അദ്ദേഹം ആകാംക്ഷാ ഭരിതനാണെന്നും കാര്‍ത്തിക്ക് പറയുന്നു. വേഷമൊക്കെ ധരിച്ച് അദ്ദേഹം അടുത്ത് വന്ന് ചോദിക്കും, കാര്‍ത്തിക്ക്, എങ്ങനെയുണ്ട് ഞാന്‍ ഇത് ഇട്ടിട്ട് എന്നൊക്കെ. അദ്ദേഹം അദ്ദേഹത്തിന്റെ വേഷം ആസ്വദിക്കുകയായിരുന്നു,’ കാര്‍ത്തിക്ക് പറഞ്ഞു.
ജോജുവിന്റെ ഡെഡിക്കേഷന്‍ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആദ്യമായിട്ടാണ് തനിക്ക് ഇതുപോലൊരു വേഷം കിട്ടിയതെന്നായിരുന്നു ജോജു അഭിമുഖത്തില്‍ മറുപടി പറഞ്ഞത്.
എപ്പോഴും ലുങ്കിയും കാക്കി പാന്റുമായിരിക്കും എന്റെ എല്ലാ സിനിമകളിലേയും വേഷം. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു വേഷം സിനിമയില്‍ ധരിക്കാനൊക്കെ കിട്ടുന്നത്,’ ജോജു പറഞ്ഞു.
ജഗമേ തന്തിരത്തിലൂടെ തമിഴിലും ജോജു അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് ജോജുവിന്റെ സിനിമയോടുള്ള പ്രണയത്തെയും കഠിനാധ്വാനത്തെയും പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്.