|

കോമഡിയും വില്ലന്‍ വേഷവും നന്നായി ചെയ്യാന്‍ ആ മലയാളനടന് സാധിക്കും, അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് അയാള്‍ക്കുണ്ട്: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

സംവിധായകനും നടനുമായ ബേസില്‍ ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. മിന്നല്‍ മുരളി എന്ന സിനിമ താന്‍ കണ്ടെന്നും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. മിന്നല്‍ മുരളി കണ്ടിട്ട് താന്‍ ടൊവിനോയെ വിളിച്ച് സംസാരിച്ചെന്നും അയാളാണ് തനിക്ക് ബേസിലിനോട് സംസാരിക്കാന്‍ പറഞ്ഞതെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

തന്റെ വര്‍ക്കുകള്‍ ബേസിലനെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്ന് ടൊവിനോ തന്നോട് പറഞ്ഞെന്നും അത് തനിക്ക് സന്തോഷം തന്നെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ ബേസില്‍ കഴിവ് തെളിയിച്ചെന്നും എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ അയാള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ജയ ജയ ജയഹേ എന്ന സിനിമ താന്‍ കണ്ടെന്നും അതില്‍ വളരെ നല്ല പെര്‍ഫോമന്‍സായിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. കോമഡിയും വില്ലനിസവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ ബേസിലിന് സാധിക്കുമെന്നും പൊന്മാനിലെ ഒരു സീനില്‍ ഗംഭീര പ്രകടനമായിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജുള്ള ചുരുക്കം നടന്മാരില്‍ ഒരാളാണ് ബേസിലെന്നും എല്ലാവര്‍ക്കും പെട്ടെന്ന് അയാളുടെ കഥാപാത്രങ്ങള്‍ കണക്ടാകുമെന്നും കാര്‍ത്തിക് പറഞ്ഞു. ഭാവിയില്‍ എപ്പോഴെങ്കിലും ബേസിലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘മിന്നല്‍ മുരളി എന്ന സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. ആ പടം കണ്ടതിന് ശേഷം ഞാന്‍ ടൊവിനോയെ വിളിച്ച് സംസാരിച്ചു. ടൊവിനോയാണ് എന്നോട് ബേസിലിനെക്കുറിച്ച് സംസാരിച്ചത്. എന്റെ സിനിമകള്‍ ബേസിലിനെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്ന് ടൊവിനോയാണ് എന്നോട് പറഞ്ഞത്. മിന്നല്‍ മുരളിയില്‍ അയാളിലെ സംവിധായകന്‍ ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഓരോ സിനിമ കഴിയുന്തോറും അയാളിലെ നടന്‍ നമ്മളെ ഞെട്ടിക്കുകയാണ്. ജയ ജയ ജയ ഹേയിലെ കഥാപാത്രം എന്ത് മനോഹരമായാണ് ചെയ്തുവെച്ചിരിക്കുന്നത്. കോമഡിയും വില്ലനിസവും സിമ്പിളായി ചെയ്ത് ഫലിപ്പിക്കാന്‍ ബേസിലിന് സാധിക്കും. പൊന്മാന്‍ എന്ന സിനിമ മുഴുവന്‍ കണ്ടിട്ടില്ല. എന്നാല്‍ അതിലെ ഒരു സീനില്‍ അയാള്‍ എന്തൊരു പെര്‍ഫോമന്‍സാണ്.

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജാണ് ബേസിലിനുള്ളത്. അതാണ് അയാളുടെ ഏറ്റവും വലിയ വിജയം. ഏത് തരത്തിലുള്ള ക്യാരക്ടറും പെട്ടെന്ന് ആളുകളിലേക്ക് കണക്ടാക്കും. ബോളിവുഡില്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് കേട്ടു. ഭാവിയില്‍ എപ്പോഴെങ്കിലും ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

Content Highlight: Karthik Subbaraj about Basil Joseph’s performance in Jaya Jaya Jaya He movie