ഇനി സോഷ്യല്‍ മീഡിയയിലല്ല വെള്ളിത്തിരയില്‍; തെലുങ്കില്‍ ആദ്യ ചിത്രമൊരുക്കി കാര്‍ത്തിക് ശങ്കര്‍
Entertainment news
ഇനി സോഷ്യല്‍ മീഡിയയിലല്ല വെള്ളിത്തിരയില്‍; തെലുങ്കില്‍ ആദ്യ ചിത്രമൊരുക്കി കാര്‍ത്തിക് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th October 2021, 4:55 pm

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനാണ് കാര്‍ത്തിക് ശങ്കര്‍. സിനിമയിലെ തന്റെ ആദ്യ സംവിധാന സംരഭത്തിനൊരുങ്ങുകയാണ് കാര്‍ത്തിക് ഇപ്പോള്‍.

സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം ടോളിവുഡിലൂടെയാണ് കാര്‍ത്തിക് നടത്തുന്നത്. ഇത് ആദ്യമായാണ് ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്.

തെലുങ്ക് സിനിമാലോകത്തെ അതികായനായ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യയാണ് ചിത്രം നിര്‍മിക്കുന്നത്.

 

View this post on Instagram

 

A post shared by Kaarthik Shankar (@kaarthik_shankar)

ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് ചിത്രത്തിലെ നായകന്‍. കന്നഡ നടി സഞ്ജന ആനന്ദാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ഞാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വര്‍ക്കുകള്‍ കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്.

അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ചെയ്യാന്‍ വെച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്തു,’ കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

ഇന്ത്യയിലെതന്നെ പ്രമുഖ സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.

അല്ലു അരവിന്ദ് മുഖ്യാതിഥിയായ വേളയില്‍ കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിര്‍വഹിച്ചു. എ.എം. രത്‌നം ആണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

കൊവിഡ് ലോക്ഡൗണ്‍ സമയത്താണ് കാര്‍ത്തിക് ശങ്കറിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രേക്ഷകശ്രദ്ധയാര്‍ജ്ജിച്ച് തുടങ്ങിയത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ചാണ് കാര്‍ത്തിക് ശങ്കറിന്റെ ‘അമ്മയും മകനും’ (Mom and Son) സീരിസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലക്ഷക്കണക്കിന് വ്യൂസാണ് കാര്‍ത്തിക്കിന്റെ ഓരോ വീഡിയോകള്‍ക്കും കിട്ടിയിരുന്നത്.

കാര്‍ത്തികിന്റെ സീരിസ് വിശാഖ് സുബ്രഹ്മണ്യനും അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും നേതൃത്വം നല്‍കുന്ന ഫണ്‍റ്റാസ്റ്റിക് ഫിലിംസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സീരീസിലെ ഒരു എപ്പിസോഡില്‍ അജു വര്‍ഗീസും എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karthik Shankar debut as Director in Tollywood