കാര്‍ത്തിക് ശശി
വ്യവസ്യായ മന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒക്കെയും വ്യവസായ സ്‌നേഹം എന്നതിനപ്പുറം തികച്ചും പഠനരഹിതമായതും, വസ്തുതാ വിരുദ്ധവും ആയിരുന്നു എന്നതിനാല്‍ ചില മറുപടികള്‍ അനിവാര്യമാണ്.
?”ഇത് ആലപ്പാട്ട് ജനത നടത്തുന്ന സമരമല്ല”
.ഞങ്ങളുടെ സമര സമിതി എക്‌സിക്യൂട്ടീവ് തന്നെ അന്‍പത് അംഗങ്ങള്‍ ഉണ്ട്. അതില്‍ ഒരാള്‍ പോലും
ആലപ്പാടുകാര്‍ അല്ലാത്തവരല്ല. സമരം നൂറ് ദിവസമാകുന്നു ഇരുന്നൂറിലേറെ പേര്‍ ഇവിടെ നിരാഹാരം അനുഷ്ഠിച്ചു. അവരില്‍ എത്ര പേര്‍ എവിടെയുള്ളവര്‍ എന്ന് ആര്‍ക്കും അന്വേഷിക്കാം. ഇവിടെ ഉള്ളവര്‍ക്ക് സമരം ചെയ്യാനും, കണക്കുകള്‍ നിരത്തുവാനും കഴിയില്ല എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അത് തീരദേശത്തെ കുറിച്ചുള്ള മുന്‍ ധാരണയുടെ കുഴപ്പമാണ്.
?ഇത് സ്വകാര്യ മേഖലയ്ക്ക് വേണ്ടി ചിലര്‍ നടത്തുന്ന സമരമാണ്.
.എന്ത് രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഇത്രയും സുപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്ന മന്ത്രി വരെ ഇങ്ങനെ സംസാരിക്കുന്നത്? വെറുതെ ഒരു ആരോപണം പറഞ്ഞു കൊണ്ട് പോയാല്‍ പോരാ നിയമനിര്‍മാണ സഭയ്ക്കുള്ളില്‍ ഇരിക്കുന്നവര്‍ അത് തെളിയിക്കണം. ഞങ്ങള്‍ ഈ നാടിന്റെ നില നില്‍പ്പിന്, ഒരു ജനതയുടെ അതിജീവനത്തിന്, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരമാണ് ഇത്.
ഇത് സ്വകാര്യ മേഖലയെ സഹായിക്കാന്‍ എന്ന് പറയുന്നവര്‍ ആദ്യമേ ഒന്നറിയണം ഈ രാജ്യത്ത് ആര്‍ക്കേലും വന്ന് ഒരു സുപ്രഭാതത്തില്‍ ഖനനം ആരംഭിക്കാന്‍ ആകില്ല. തദ്ദേശ ഭരണകൂടം തൊട്ട്, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വരെ, അതിന്റെ കീഴിലെ വനം പരിസ്ഥിതി മന്ത്രാലയം, സി.ആര്‍.ഇസഡ് തുടങ്ങിയ വകുപ്പുകള്‍ ഇവയുടെ എല്ലാം അനുമതി വേണം. ആ അനുമതി നല്‍കുന്നത് സമരക്കാരല്ല, സര്‍ക്കാരുകള്‍ ആണ്. ഉന്നതങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് സ്വയം നിങ്ങളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഇങ്ങനത്തെ ഡയലോഗ് കാച്ചുന്നത്.
പിന്നെ പൊതുമേഖല സ്‌നേഹം പറയുന്നവരോട് ഞങ്ങള്‍ ആദ്യം തൊട്ടേ പറയുന്നു, ആറ് പതിറ്റാണ്ട് ആയി നടക്കുന്ന ഈ ഖനനം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളിലേക്ക് എന്ത് നല്‍കി?
പൊതുമേഖലാ സ്‌നേഹം പറയുന്നവര്‍ ധവള പത്രം ഇറക്കണം.
?സമരക്കാര്‍ മണല്‍ കടത്തുന്നവരാണ്.
.മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ ഇങ്ങനെ വെറുതെ ഡയലോഗ് അടിക്കുക അല്ല വേണ്ടത് തെളിയിക്കണം. പക്ഷേ നിങ്ങള്‍ക്ക് ഒന്നും തെളിയിക്കാന്‍ ആകില്ല, കാരണം മണല്‍ കടത്തുന്നത് സമരക്കാരോ, നാട്ടുകാരോ അല്ല നിങ്ങള്‍ക്കൊക്കെ വേണ്ടപ്പെട്ടവര്‍ തന്നെയാണ്. ആര് ഭരിച്ചാലും ഭരണകൂടങ്ങള്‍ക്ക് പ്രിയപ്പെട്ടവരായവര്‍. കുറച്ച് കാലം മുന്‍പ് മണല്‍ കടത്തല്‍ കണ്ടു പിടിക്കാന്‍ ആലപ്പാട് പഞ്ചായത്തിലെ മൂന്ന് പാലങ്ങളിലും പോലീസ് ചെക്ക് പോസ്റ്റ് ഇട്ടിരുന്നു, എന്നിട്ട് നാലഞ്ച് കൊല്ലം പൊലീസുകാര്‍ അവിടെ കുത്തി ഇരുന്നിട്ട് നാട്ടുകാരെ ആരേലും പിടിച്ചിരുന്നോ? പക്ഷേ കമ്പനികളില്‍ നിന്നും അനധികൃതമായി മണല്‍ പോയത് നാട്ടുകാര്‍ പിടിച്ചിരുന്നു, കഴിഞ്ഞ ആഴ്ചയും പിടിച്ചു. എന്നിട്ടെന്തായി? ഓവര്‍ ലോഡ് എന്നോ, പാസ് ഇല്ലെന്നോ പറഞ്ഞു കൊണ്ട് പെറ്റി കേസ് ചാര്‍ജ് ചെയ്ത് വിട്ടയക്കും. ഈ പറയുന്ന ഭരണകൂട ഭാഗമായി നിലകൊള്ളുന്ന ആര്‍ക്കെങ്കിലും ലവലേശം ആത്മാര്‍ത്ഥത ഉണ്ടായിരുന്നു എങ്കില്‍ കാര്യമായ അന്വേഷണം നടത്തി ഇരുന്നെങ്കില്‍ പല വമ്പന്മാരും അകത്ത് കിടന്നേനെ. അത് നിങ്ങള്‍ക്കൊക്കെ അറിയാം, അത് കൊണ്ട് തന്നെയാണ് സമയത്ത് അനങ്ങാത്തതും, മണല്‍ കൊള്ള എന്ന ദുഷ്‌പേര് അദ്ധ്വാനിച്ച് ജീവിക്കുന്ന മനുഷ്യരുടെ പേരിലാക്കാന്‍ ഉള്ള ശ്രമം നടത്തുന്നതും. പക്ഷേ ഇത് ചിലവാകാന്‍ പോകുന്നില്ല. പിന്നെ സി.എം.ആര്‍.എല്‍, വി.വി.മിനറല്‍സ് പോലെയുള്ളവര്‍ക്ക് എവിടെ നിന്നും മണല്‍ കിട്ടുന്നു എന്നത് കൂടി മണല്‍ കൊള്ളയ്‌ക്കെതിരെ സംസാരിക്കുന്നവര്‍ അന്വേഷിച്ചു കണ്ട് പിടിക്കാന്‍ തയ്യാറാവണം.
?സുനാമി ഉണ്ടായപ്പോള്‍ ആണ് തീരം കടലെടുത്തത്.
.അങ്ങേയറ്റം തെറ്റായ പ്രസ്താവന. ഏതോ ബോധമില്ലാത്ത ഫേസ്ബുക്ക് പോസ്റ്റുകളില്‍ കണ്ട മണ്ടത്തരങ്ങള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഏറ്റ് ചൊല്ലുകയല്ല മറിച്ച് വിഷയം പഠിക്കണം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആണ് മന്ത്രിയുടെ പാര്‍ട്ടിയുടെ നിലവിലെ ആലപ്പാട് ലോക്കല്‍ സെക്രട്ടറി. അദേഹത്തോടെങ്കിലും മന്ത്രി ഈ കാര്യം അന്വേഷിച്ചിരുന്നുവെങ്കില്‍ ഇത്രയും തെറ്റായ ഒരു വര്‍ത്തമാനം പറയില്ലായിരുന്നു. ആലപ്പാട് സുനാമിയ്ക്ക് മുന്‍പേ തീരശോഷണം വന്‍ തോതില്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഖനനം തന്നെയാണ് വില്ലന്‍. തെക്ക് വശം തീരം കുത്തി തുരക്കുമ്പോള്‍ വടക്ക് വശത്ത് നിന്നും തീരം കടലെടുത്ത് പോകുമെന്നത്തീരദേശ വാസിയുടെ സാമാന്യ ബോധത്തില്‍ അറിയാം.
എന്നാല്‍ ആലപ്പാട് സുനാമി നാശം വിതച്ചു എന്നത് ശരിയാണ്, അതിലും ഖനനം തന്നെയാണ് വില്ലന്‍ എന്നാണ് ഞങ്ങളുടെ പഠനം. വീണ്ടും പറയുന്നു ആലപ്പാട്, ആറാട്ടുപുഴ തീരത്ത് മാത്രമേ കേരളത്തില്‍ സുനാമിയില്‍ ആള്‍നാശം സംഭവിക്കുന്ന തരത്തില്‍ സുനാമി ബാധിച്ചുള്ളു, അതെന്ത് കൊണ്ട് സംഭവിച്ചു? ഇന്ത്യയുടെ പശ്ചിമ തീരത്തില്‍ സുനാമിയില്‍ ആള്‍നാശം ഉണ്ടായ മറ്റ് സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ സൈമണ്‍കോളനി, മണവാള കുറിച്ചി, കോടിമന തുടങ്ങിയ സ്ഥലങ്ങളാണ്. അവിടുത്തേയും, ഇവിടുത്തേയും പ്രത്യേകത രണ്ടിടത്തും ഖനനം നടക്കുന്നുണ്ട് എന്നത് തന്നെയാണ്. വര്‍ഷങ്ങളായി നടക്കുന്ന ഖനനം ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയ ഇടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. പാവം മനുഷ്യരെ ഭരണകൂടം കൊല്ലുകയായിരുന്നു, ആ ബോധം ഉള്ളത് കൊണ്ട് തന്നെയാണ് ഞങ്ങള്‍ പറയുന്ന ഈ സാമാന്യ യുക്തിയെ നിങ്ങള്‍ പഠന വിധേയമാക്കാതെ ഇരുന്നതും.
?കടല്‍ കൊണ്ടിടുന്ന മണല്‍ ആണിത്, എടുത്ത് മാറ്റിയില്ലെങ്കില്‍ കടല്‍ തിരികെ കൊണ്ട് പോകും.
.നീണ്ടകര മുതല്‍, അമ്പലപ്പുഴ വരെയുള്ള തീരദേശത്തെ കരിമണല്‍ നിക്ഷേപം കാലാകാലമായി അവിടെ തന്നെയുള്ളതാണ് എന്നത് ധാരാളം ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. സാമാന്യ ബോധത്തില്‍ ചിന്തിച്ചാല്‍ അത് ആര്‍ക്കും മനസ്സിലാക്കാം.
കടല്‍ മണല്‍ നിര്‍മ്മിക്കുന്ന ഫാക്ടറി അല്ല, മീനുകള്‍ കരിമണലിനെ പ്രസവിക്കുന്നുമില്ല. കടല്‍ കൊണ്ട് മണ്ണിടുമെന്ന് പറയുന്നവര്‍ ഇത്രയും വിശാലമായ അറബിക്കടല്‍ ഇത്രയും ഭാഗത്തെ കൃത്യമായി നോട്ട് ചെയ്ത് കൊണ്ട് കൃത്യമായി ഇവിടെ തന്നെ മണ്ണ് എങ്ങനെയാണ് കൊണ്ടിടുന്നതെന്ന് സാമാന്യ യുക്തിക്ക് നിരക്കും വിധം ഒന്ന് വിശദീകരിച്ചിരുന്നുവെങ്കില്‍ നല്ലതായിരുന്നു.
?പുഴയിലൂടെ ഒഴുകി വരുന്ന മണ്ണാണ്, ഇപ്പോള്‍ വരവ് കുറഞ്ഞതാണ് പ്രശ്‌നം.
.ഏറ്റവും വലിയ രസമെന്തെന്നാല്‍ കടല്‍ മണ്ണ് കൊണ്ടിടുന്നുവെന്ന് പറഞ്ഞവര്‍ തന്നെയാണ് ഈ നദിയില്‍ കൂടി മണല്‍ ഇപ്പോള്‍ വരുന്നില്ലായെന്ന വാദവും പറയുന്നത്. ഇനി നദിയില്‍ കൂടി മണല്‍ വരുമായിരുന്നു എങ്കില്‍ അത് എങ്ങനെ ഈ മേഖലയിലേക്ക് മാത്രം എത്തുന്നു എന്നത് വീണ്ടും ബാക്കി. എന്ന് മാത്രമല്ല അങ്ങനെയെങ്കില്‍ കല്ലടയാറിലോ, അച്ചന്‍കോവിലാറിലോ, പമ്പാ നദിയിലോ ഒക്കെ ഈ പറയുന്ന അമൂല്യ ധാതു മണല്‍ നിക്ഷേപം കാണേണ്ടി ഇരുന്നല്ലോ?
എന്നിട്ടെന്തേ അവിടെ എങ്ങും ഇല്ലാത്തത്?
അതിന്റെ അര്‍ത്ഥം ഇത്രയുമേ ഉള്ളൂ, ഈ മണല്‍ കടലും, നദിയും കൊണ്ടിടുന്നതല്ല, ഇവിടെ തന്നെ കാലാകാലങ്ങളായി ഉണ്ടായിരുന്നതാണ്.
പറഞ്ഞു വരുന്നത് മന്ത്രിക്ക് വ്യവസായം സംരക്ഷിക്കാന്‍ വേണ്ടി എവിടെ വേണേലും നില്‍ക്കാം, എന്ത് നിലപാടും എടുക്കാം. പക്ഷേ പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാകണം, ഒരു സമൂഹത്തെ മൊത്തം മോശക്കാര്‍ ആക്കുന്നത് ആകരുത്, അല്‍പ്പം പോലും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും ആകരുത്………