| Saturday, 10th September 2022, 9:28 am

അമരത്തിന്റെ നിര്‍മാതാവ് വീണ്ടും സംവിധായകനാകുന്നു; നായകന്‍ കാര്‍ത്തിക് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ നായകനായി മലയാള സിനിമ ഒരുങ്ങുന്നു. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ ബാബു തിരുവല്ല ഒരുക്കുന്ന സമം എന്ന ചിത്രത്തിലാണ് കാര്‍ത്തിക് നായകനാകുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് ബാബു തിരുവല്ല. തനിയെ, തനിച്ചല്ല ഞാന്‍, മൗനം എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ബാബു തിരുവല്ല ഒരിടവേളയ്ക്ക് ശേഷം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സമം.

മനോജ് കെ.ജയന്‍, അശോകന്‍, പുത്തില്ലം ഭാസി, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ – ഉണ്ണി മടവൂര്‍, പശ്ചാത്തല സംഗീതം – ഇഷാന്‍ ദേവ്, കല – പ്രദീപ്, പി.ആര്‍.ഒ- അയ്മനം സാജന്‍. ബാബു തിരുവല്ല തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് സെപ്റ്റംബര്‍ 15ന് ആരംഭിക്കും.

അടുത്തിടെ തെലുങ്ക് സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കാര്‍ത്തിക് ചുവടുവെക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ കാര്‍ത്തിക് ശങ്കറല്ല ചിത്രത്തിന്റെ സംവിധായകന്‍ എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും കാര്‍ത്തിക് മാറാനുണ്ടായ കാരണം വ്യക്തമല്ല. ‘നീനു മീക്കു ഭാഗ കാവല്‍സിന വാദിനി’ എന്നാണ് ചിത്രത്തിന്റെ പേര്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംവിധാക തൊപ്പിയണിഞ്ഞ് നില്‍ക്കുന്ന കാര്‍ത്തിക് ശങ്കറിന്റെ ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് സംവിധായക സ്ഥാനത്ത് ശ്രീധര്‍ ഗാഥെ എന്നയാളുടെ പേര് ഉയരുകയായിരുന്നു.

കിരണ്‍ അബ്ബാവാരമാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകനായ കോടി രാമകൃഷ്ണയുടെ മകള്‍ കോടി ദിവ്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Content Highlight: Karthik sankar will play the lead role in Babu Thiruvalla’s new film Samam

Latest Stories

We use cookies to give you the best possible experience. Learn more