| Tuesday, 5th March 2024, 12:14 pm

'ഊതിപ്പെരുപ്പിച്ച മലയാള സിനിമ' പോസ്റ്റ് റിമൂവ് ചെയ്ത് തമിഴ് ട്രേഡ് അനലിസ്റ്റ്; സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഇറങ്ങിയ മിക്ക സിനിമകളും വലിയ വിജയമായിരുന്നു നേടിയത്. മമ്മൂട്ടി നായകനായ ഭ്രമയുഗം, ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും, യുവ താരങ്ങളായ മമിതയും നസ്‌ലെനും ഒന്നിച്ച പ്രേമലു തുടങ്ങിയ സിനിമകളൊക്കെ വലിയ വിജയമായിരുന്നു.

പ്രേമലു തെലുങ്കില്‍ ഉള്‍പ്പെടെ റിലീസിന് ഒരുങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍. ബോളിവുഡിലുള്ള പ്രശസ്തരായവര്‍ ഉള്‍പ്പെടെ ഭ്രമയുഗം കണ്ട് അഭിപ്രായമറിയിച്ചിരുന്നു.

ഇതിനിടയിലായിരുന്നു ഫെബ്രുവരിയില്‍ തമിഴ് ട്രേഡ് അനലിസ്റ്റും പി.ആര്‍.ഒയുമായ കാര്‍ത്തിക് രവിവര്‍മ മലയാള സിനിമകള്‍ ഓവര്‍ ഹൈപ്പ്ഡാണെന്നും അവ പലതും ഊതിപ്പെരുപ്പിച്ചതാണെന്നും പറഞ്ഞത്.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് പറഞ്ഞ കാര്‍ത്തിക് 2023ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ നാലെണ്ണമാണ് ഹിറ്റായതെന്ന് കാണിക്കുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകളും തന്റെ പോസ്റ്റില്‍ ചേര്‍ത്തിരുന്നു.

അന്ന് ആ പോസ്റ്റിനെ വിമര്‍ശിച്ച് കൊണ്ട് സിനിമാപ്രേമികളായ മലയാളികളും ഒരുപാട് തമിഴ് പ്രേഷകരും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മലയാള സിനിമ കാര്‍ത്തിക്കിന് മറുപടി നല്‍കിയത് അടുത്ത സിനിമയിലൂടെയായിരുന്നു.

കാര്‍ത്തിക്കിന്റെ എക്‌സിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട അതേദിവസം തന്നെ തിയേറ്ററിലെത്തിയ സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരുന്നു അത്.

കേരളത്തില്‍ വലിയ വിജയമായ ഈ ചിത്രം വൈകാതെ തമിഴ് സിനിമാപ്രേമികളും ഏറ്റെടുത്തു. പിന്നാലെ കാര്‍ത്തിക് എക്‌സ് പോസ്റ്റ് റിമൂവ് ചെയ്തു. കാര്‍ത്തിക് പോസ്റ്റിട്ട് രണ്ടാഴ്ച്ച പൂര്‍ത്തിയാകും മുമ്പ് തമിഴ്‌നാട്ടില്‍ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പത്ത് കോടി നേടുന്ന ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഉദയനിധി സ്റ്റാലിന്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയും സിനിമ കണ്ട ശേഷം ഉലകനായകന്‍ കമല്‍ ഹാസനും സന്താന ഭാരതിയും മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. പിന്നാലെ ഉദയനിധി സ്റ്റാലിനും അവരെ നേരില്‍ കണ്ടു.

മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനെ പോലെയുള്ള നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു. ഇതിനിടയില്‍ രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍സലാമിന്റെയും ജയംരവിയുടെ സൈറണിന്റെയും കളക്ഷന്‍ പോലും ഈ മലയാള ചിത്രം മറികടന്നു.

സിനിമക്ക് തമിഴ്‌നാട്ടിലെ മിക്ക തിയേറ്ററുകളിലും എക്‌സ്ട്രാ ഷോകള്‍ കൊണ്ടുവന്നു. ചെന്നൈയിലെ ഒരു തിയേറ്ററില്‍ ഒരു ദിവസം മഞ്ഞുമ്മല്‍ ബോയ്‌സ് 35 ഷോകള്‍ വരെ കളിച്ചു. ഈ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ ശ്യാം പറഞ്ഞിരുന്നു. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമക്ക് പിന്നാലെ തമിഴ് സിനിമയുടെയും സീന്‍ മാറ്റി.

Content Highlight: Karthik Ravivarma Removes Post About Malayalam Movies

We use cookies to give you the best possible experience. Learn more