ടി-20 ലോകകപ്പിന്റെ ക്വാളിഫയര്‍ മത്സരത്തില്‍ യു.എ.ഇക്കായി ചരിത്രം സൃഷ്ടിച്ച് ലെഗ് സ്പിന്നര്‍ കാര്‍ത്തിക് പളനിയപ്പന്‍ മെയ്യപ്പന്‍. യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനായി ആദ്യം ഹാട്രിക് നേടുന്ന താരം എന്ന റെക്കോഡാണ് കാര്‍ത്തിക് തന്റെ പേരിലാക്കിയിരിക്കുന്നത്. കാര്‍ത്തിക്കിന്റെ ഈ ഹാട്രിക് ലോകകപ്പിലാണ് പിറന്നത് എന്നതും ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
ശ്രീലങ്കക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിലാണ് കാര്‍ത്തിക് മെയ്യപ്പന്‍ ഈ സ്വപ്‌ന നേട്ടം കുറിച്ചത്. ലങ്കന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തിക് യു.എ.ഇയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്.
15ാം ഓവറിന്റെ നാലാം പന്തിലായിരുന്നു മെയ്യപ്പന്‍ ആദ്യം വിക്കറ്റ് വീഴ്ത്തിയത്. അപകടകാരിയായ ഭാനുക രാജപക്‌സയെ കാഷിഫ് ദാവൂദിന്റെ കൈകളിലെത്തിച്ചായിരുന്നു താരം മടക്കിയത്.
തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ വിക്കറ്റ് കീപ്പര്‍ അരവിന്ദിന്റെ കൈകളിലെത്തിച്ച മെയ്യപ്പന്‍, ഓവറിലെ അവസാന പന്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് തന്റെയും യു.എ.ഇയുടെയും ആദ്യ അന്താരാഷ്ട്ര ഹാട്രിക് ആഘോഷിച്ചത്.
നാല് ഓവര്‍ പന്തറിഞ്ഞ് കേവലം 19 റണ്‍സ് മാത്രമാണ് കാര്‍ത്തിക് മെയ്യപ്പന്‍ വിട്ടുനല്‍കിയത്.
മെയ്യപ്പന് പുറമെ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സഹൂര്‍ ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ അയാന്‍ അഫ്‌സല്‍ ഖാനും ആര്യന്‍ ലാക്രയും ബൗളിങ്ങില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തകര്‍ച്ചയായിരുന്നു ഫലം. 30 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും യു.എ.ഇക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്മായിരുന്നു. 43 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അടുത്ത അഞ്ച് വിക്കറ്റും നഷ്ടപ്പെട്ട യു.എ.ഇ 79 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
19 റണ്‍സ് നേടിയ അയാന്‍ അഫ്‌സല്‍ ഖാനാണ് ടോപ് സ്‌കോറര്‍.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദുഷ്മന്ത ചമീരയും വാനിന്ദു ഹസരങ്കയുമാണ് യു.എ.ഇയുടെ നടുവൊടിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ പ്രമോദ് മധുഷാനും ദാസുന്‍ ഷണകയും ചേര്‍ന്ന് യു.എ.ഇയുടെ പതനം പൂര്‍ത്തിയാക്കി.
Content Highlight: Karthik Palaniyappan Meyyappan bags first ever hattrick for UAE