നെപ്പോട്ടിസത്തിന്റെ അതിപ്രസരണമുള്ള ബോളിവുഡില്‍ പുറത്ത് നിന്നും വന്ന് വിജയം കണ്ട നിലവിലെ അപൂര്‍വം ചില താരങ്ങളിലൊരാളാണ് കാര്‍ത്തിക് ആര്യന്‍. കൊവിഡിന് ശേഷം ബോളിവുഡ് അടിപതറുമ്പോള്‍ വിജയിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൊന്ന് കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ബുലയ്യ 2 ആയിരുന്നു.
നെപ്പോട്ടിസത്തിനെതിരെ പരോക്ഷവിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാര്‍ത്തിക്. ബോളിവുഡിനെ ഒരു റൂമാക്കി ബിംബവല്‍കരിച്ചാണ് കാര്‍ത്തികിന്റെ വിമര്‍ശനം. തനിക്ക് ആ റൂമിലേക്ക് പ്രവേശനം ലഭിക്കുന്ന ക്യു നില്‍ക്കേണ്ടി വരുമ്പോള്‍ പലരും അത് സ്‌കിപ്പ് ചെയ്തുപോയിട്ടുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. ഗുഡ്‌ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തികിന്റെ പരാമര്‍ശങ്ങള്‍.
‘സിനിമയില്‍ സ്വന്തം പേരുണ്ടാക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബോളിവുഡില്‍ മാത്രമല്ല, ഏത് ഇന്‍ഡസ്ട്രിയാണെങ്കിലും അങ്ങനെ തന്നെയാണ്. ഒരു റൂമിലും ഞാനില്ലായിരുന്നു. റൂമിലേക്ക് കടക്കണമെങ്കില്‍ അതിലേക്കുള്ള ക്യൂവില്‍ നില്‍ക്കണമായിരുന്നു. അതിനും മുമ്പേ പത്ത് റൂമുകളെങ്കിലും മറികടക്കണമായിരുന്നു. ഒരുപാട് ആളുകള്‍ക്ക് ആ റൂമുകള്‍ സ്‌കിപ്പ് ചെയ്ത് മുന്നോട്ട് പോകാനാവുന്നുണ്ട്. എന്റെ യാത്രയില്‍ എനിക്ക് അഭിമാനമുണ്ട്.
നെഗറ്റിവിറ്റിയോട് പ്രതികരിക്കാന്‍ താല്‍പര്യമില്ല. അതിന് എന്തെങ്കിലും റിയാക്ഷന്‍ കൊടുത്താല്‍ എതിരെ നില്‍ക്കുന്നവര്‍ വിജയിക്കുന്നത് പോലെയാണ്. അതുകൊണ്ട് റിയാക്ട് ചെയ്യാന്‍ തോന്നിയിട്ടില്ല. ആ നെഗറ്റിവിറ്റിയുടെ ഭാഗമാവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിലൂടെ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാവും. എവിടെ നെഗറ്റിവിറ്റി കണ്ടാലും ഞാന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കും,’ കാര്‍ത്തിക് പറഞ്ഞു.
ഷെഹസാദയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന കാര്‍ത്തികിന്റെ ചിത്രം. കൃതി സെനോണ്‍ നായികയാവുന്ന ചിത്രം അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലോ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ്.
രോഹിത്ത് ധവാന്‍ സംവിധാനം ചെയ്ത ചിത്രം ടി-സീരീസ് ഫിലിംസ്, ഹരിക ആന്‍ഡ് ഹാസിന്‍ ക്രിയേഷന്‍സ്, ഗീത ആര്‍ട്സ്, ബ്രാറ്റ് ഫിലിംസും കാര്‍ത്തിക് ആര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Karthik aryan’s indirect criticism against nepotism in bollywood