തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ, ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
സൂര്യയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നടനുമായ കാര്‍ത്തി. സൂര്യക്ക് കുട്ടികാലത്ത് ചിക്കുബുക്കു റയിലെ എന്ന പാട്ടില്‍ വരുന്ന ഗൗതമിയെ ഇഷ്ടമായിരുന്നെന്ന് കാര്‍ത്തി പറയുന്നു. ചെറുപ്പത്തിലെല്ലാം വെറുതെ നോക്കിയാല്‍ തന്നെ സൂര്യക്ക് ദേഷ്യം വരുമെന്നും ഒരു കാരണവും ഇല്ലാതെതന്നെ വഴക്കിടുമെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.
‘ചേട്ടന് ഒരു നടിയെ വളരെ ഇഷ്ടമായിരുന്നു. ചെറിയ ക്രഷ് ഉണ്ടെന്നാണ് അന്ന് തോന്നിയത്. ഒരു പാട്ടില്ലേ ‘ചിക്കുബുക്കു റയിലെ’ അതിലെ നായിക ഗൗതമിയെ ചേട്ടന് ചെറുപ്പത്തില്‍ വലിയ ഇഷ്ടമായിരുന്നു,’ കാര്‍ത്തി പറയുന്നു.
‘കുട്ടിക്കാലം മുതല്‍ അവന്‍ അങ്ങനെയാണ്, എല്ലാ കാര്യങ്ങളും വൈകിയേ മനസിലാകൂ. ചെറുപ്പത്തിലെല്ലാം വെറുതെ അവനെ നോക്കിയാല്‍ മതി. പ്രകോപിതനാകും. നോക്കുമ്പോള്‍ തന്നെ ദേഷ്യം വരും എന്നിട്ട് ചുമ്മാ അടികൂടാന്‍ വരും. വഴക്കിടാന്‍ ഒരു കാരണവും അവന് വേണ്ടായിരുന്നു,’ കാര്‍ത്തി പറഞ്ഞു.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവാ. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. 200കോടിയിലധികം ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിന് ശേഷം റിലീസ് ചെയ്യുന്ന ചിത്രം ത്രീ.ഡി ഫോര്‍മാറ്റിലാണ് തിയേറ്ററുകളിലെത്തുക.
Content Highlight: Karthi Talks About Suriya’s crush