| Tuesday, 18th October 2022, 2:25 pm

അവര്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് എന്നെയിതില്‍ പെടുത്തിയതാണ്; കൊള്ളാമെങ്കില്‍ എടുക്കാം ഇല്ലേല്‍ എടുത്തുകളയാം എന്ന് പറഞ്ഞു: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തി, റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സര്‍ദാര്‍ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കേരളത്തിലടക്കം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും വ്യാപകമായി നടക്കുന്നുണ്ട്.

ചിത്രത്തില്‍ പാട്ട് പാടിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് നടന്‍ കാര്‍ത്തി. സര്‍ദാറില്‍ കാര്‍ത്തി പാടിയിട്ടുണ്ടല്ലോ അത് സംവിധായകന്‍ പി.എസ്. മിത്രന്റെ ഐഡിയയാണോ അതോ സംഗീതം ചെയ്ത ജി.വി. പ്രകാശ് കുമാറിന്റെ ഐഡിയയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”അവര് രണ്ട് പേരും ഡിസ്‌കസ് ചെയ്ത് എന്നെ പാട്ടില്‍ കൊണ്ട് പെടുത്തിയതാണ്. ഈ ക്യാരക്ടര്‍ ഒരു തിയേറ്റര്‍ ആക്ടറാണ്. അതുകൊണ്ട് ഒരു സീന്‍ ആരംഭിച്ചപ്പോള്‍ എന്റെ അതേ വോയ്‌സില്‍ തന്നെ അത് കണ്ടിന്യൂ ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായം ഉയര്‍ന്നു.

കാരണം ആ സീനില്‍ പാട്ടുണ്ടായിരുന്നു, പാട്ടിനിടയില്‍ ചില ഡയലോഗുകളും വരുന്നുണ്ട്. അപ്പോള്‍ ശബ്ദത്തിന്റെ ആ തുടര്‍ച്ച കിട്ടാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ട് ശബ്ദം സിങ്കായാല്‍ നന്നായിരിക്കും എന്ന് പറഞ്ഞി.

നമുക്ക് ട്രൈ ചെയ്ത് നോക്കാം. നന്നാവുകയാണെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ എടുത്തുകളയാം, എന്ന് പറഞ്ഞു, (ചിരി). അങ്ങനെ അത് വര്‍ക്കൗട്ടായി.

എനിക്ക് അത്രയും ആത്മവിശ്വാസം തന്നതിന് ജി.വിക്ക് (ജി.വി. പ്രകാശ് കുമാര്‍) നന്ദി. അത് ആളുകള്‍ സ്വീകരിച്ചതില്‍ അതിലേറെ സന്തോഷം. അതും മുരുകന്‍ പാട്ട് കൂടിയാണ്, എന്റെ ഫേവറിറ്റ് പാട്ടാണ്,” കാര്‍ത്തി പറഞ്ഞു.

മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സര്‍ദാര്‍ ഒരുങ്ങുന്നത്. ഡബിള്‍ റോളില്‍ കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ ഒരു കഥാപാത്രം വിജയ് പ്രകാശ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറാണ്. സര്‍ദാര്‍ എന്ന ടൈറ്റില്‍ റോളിലാണ് രണ്ടാമത്തെ കഥാപാത്രമെത്തുന്നത്.

ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്ചേഴ്സിന്റ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ്.

ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി എന്നിവരാണ് സര്‍ദാറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷോബി പോള്‍ രാജ് ആണ് നൃത്തസംവിധാനം.

Content Highlight: Karthi talks about his singing in the movie Sardar

We use cookies to give you the best possible experience. Learn more