| Thursday, 24th October 2024, 12:20 pm

സെറ്റില്‍ വെച്ച് ആ നടന്‍ അസിസ്റ്റന്റ് ഡയറക്ടറെ കരയിപ്പിക്കുന്ന വിധത്തിലാക്കി: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് അരവിന്ദ് സ്വാമി. പിന്നീട് മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോജ എന്ന സിനിമയിലെ നായക വേഷം അദ്ദേഹത്തെ തമിഴിലെ മുന്‍നിര നായകനാക്കി. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം 2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

അരവിന്ദ് സ്വാമിയെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. വളരെ ജോളിയായിട്ടുള്ള ആളാണ് അരവിന്ദ് സ്വാമിയെന്നാണ് കാര്‍ത്തി പറയുന്നത്. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ കുറച്ച് കെയര്‍ ഫുള്‍ ആയിരിക്കണമെന്നും അദ്ദേഹം കൗണ്ടര്‍ അടിക്കുമെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ സെറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറിനോട് കൗണ്ടറടിച്ച് കരയിപ്പിക്കുന്ന വിധത്തിലാക്കിയിട്ടുണ്ടെന്നും പറഞ്ഞ കാര്‍ത്തി അരവിന്ദ് സ്വാമി ഉണ്ടെങ്കില്‍ സെറ്റ് വളരെ ലൈവ്ലി ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ ഈ അഭിമുഖത്തില്‍ കാണുന്നത് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് അരവിന്ദ് സ്വാമി. അദ്ദേഹത്തിന് മറ്റ് മുഖങ്ങളൊന്നും ഇല്ല. മറ്റൊരാളെപോലെയൊന്നും അദ്ദേഹം അഭിനയിക്കില്ല. പക്ഷെ സംസാരിക്കുമ്പോള്‍ കുറച്ച് കെയര്‍ഫുള്‍ ആയിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അടി കിട്ടും(ചിരി).

അദ്ദേഹം കൗണ്ടര്‍ പറഞ്ഞുകൊണ്ടേ ഇരിക്കും. എന്ത് പറഞ്ഞാലും വിട്ട് തരില്ല. ഷൂട്ടിങ് ലൊക്കേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടാകുമല്ലോ. അവരൊക്കെ ഇദ്ദേഹത്തിന്റെ അടുത്ത് വന്ന് എന്തെങ്കിലും പറഞ്ഞാല്‍ തീര്‍ന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടറിന്റെ അടുത്ത് ഇതുപോലെ അര മണിക്കൂറോളം അവന്‍ എന്ത് പറഞ്ഞാലും അരവിന്ദ് സാര്‍ തിരിച്ചു കൗണ്ടര്‍ പറഞ്ഞുകൊണ്ട് ഇരുന്നു. അവന്‍ കരയുന്ന രീതിയിലേക്ക് എത്തി. അവസാനം അവന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു(ചിരി).

സിനിമയുടെ സെറ്റിനെ വളരെ ലൈവ്ലി ആക്കി മാറ്റുന്നത് അരവിന്ദ് സ്വാമി. അദ്ദേഹം ഉണ്ടെങ്കില്‍ സെറ്റ് വളരെ രസമാണ്. എല്ലാവരും ചിരിച്ചുകൊണ്ട് ഇരിക്കും. എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi Talks About Aravind swami

We use cookies to give you the best possible experience. Learn more