| Sunday, 16th April 2023, 12:03 pm

ഐശ്വര്യ ലക്ഷ്മിക്കായി കമല്‍ ഹാസന്‍ ചിത്രത്തിലെ പാട്ട് റിങ് ടോണാക്കും, അതേ കോസ്റ്റിയൂമും വേണം: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തെന്നിന്ത്യയിലേയും ബോളിവുഡിലേയും വന്‍താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ഏറ്റവും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ കഥാപാത്രങ്ങളിലൊന്നാണ് വന്തിയത്തേവന്‍. കാര്‍ത്തിയുടെ പ്രകടനമാണ് ഈ കഥാപാത്രത്തിന്റെ മികവിന് കാരണമായത്. പൊന്നിയിന്‍ സെല്‍വന്‍ 2 ഓഡിയോ ലോഞ്ചില്‍ കാര്‍ത്തിയുടെ രസകരമായ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍ക്ക് ഒരോ റിങ് ടോണ്‍ വെച്ചാല്‍ അത് ഏതായിരിക്കുമെന്നാണ് വേദിയില്‍ വെച്ച് അവതാരകന്‍ ചോദിച്ചത്.

ജയം രവിക്കായി റോമിയോ ജൂലിയറ്റിലെ ഡണ്‍ഡണക്ക എന്ന പാട്ട് റിങ് ടോണാക്കുമെന്നാണ് കാര്‍ത്തി പറഞ്ഞത്. ‘കാരണം അത്രയും രസികനാണ് ജയംരവി. പുറത്ത് നോക്കുമ്പോള്‍ മനസിലാവില്ല. നല്ല പയ്യനെ പോലിരിക്കും. നല്ല നടനാണ്.

വിക്രം സാറിന് ജെമിനിയിലെ ഓ പോട് റിങ് ടോണാക്കും. തൃഷക്ക് വേണ്ടി ഏത് പാട്ട് വേണമെങ്കിലും വെക്കാം. ദിവസവും ഓരോ പാട്ട് മാറ്റി മാറ്റി വെക്കാം. ഇപ്പോഴത്തെ മോഡില്‍ 96 ലെ കാതലേ കാതലേ റിങ് ടോണ്‍ ഞാന്‍ സെറ്റാക്കും. ഐശ്വര്യ ലക്ഷ്മിക്കായി നായകനിലെ പാട്ട് വെക്കും. നിലാ അത് വാനത്തിന്മേലേ എന്ന പാട്ട്. അതേ കോസ്റ്റിയൂമും വേണം.

ഐശ്വര്യ റായി ശരിക്കും എന്നെ വിളിച്ചിരുന്നു. ഐശ്വര്യക്കായി ജീന്‍സിലെ അന്‍പേ അന്‍പേ കൊല്ലാതെ വെക്കും. അതില്‍ ഹരിഹരന്‍ സാര്‍ കൊടുമയെടീ എന്ന് പാടില്ലേ. അത് മാത്രം റിപ്പീറ്റ് ചെയ്ത് കേള്‍ക്കും. എ.ആര്‍.റഹ്‌മാന്‍ സാറിനായി ബോംബെ തീം റിങ് ടോണാക്കും,’ കാര്‍ത്തി പറഞ്ഞു.

അതേസമയം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: karthi speech in ps 2 audio launch

We use cookies to give you the best possible experience. Learn more