സിനിമയിലെത്തി 21 വര്‍ഷമായിട്ടും ഇന്നും റൊമാന്‍സ് സിനിമ ചെയ്യാന്‍ കഴിയുന്ന നടന്‍ അവന്‍ മാത്രമാണ്: കാര്‍ത്തി
Entertainment
സിനിമയിലെത്തി 21 വര്‍ഷമായിട്ടും ഇന്നും റൊമാന്‍സ് സിനിമ ചെയ്യാന്‍ കഴിയുന്ന നടന്‍ അവന്‍ മാത്രമാണ്: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th November 2024, 9:08 am

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സഹായിയായി സിനിമാജീവിതം ആരംഭിച്ച കാര്‍ത്തി അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. പല ഴോണറിലുള്ള സിനിമകള് ചെയ്ത് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. കോമഡിയും ആക്ഷനും എല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം നടന്മാരില്‍ ഒരാള്‍ കൂടിയാണ് കാര്‍ത്തി.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. റൊമാന്‍സ് ഴോണറിലുള്ള സിനിമകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അത്തരത്തിലുള്ള സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും കാര്‍ത്തി പറഞ്ഞു. വിജയ് നായകനായ തുള്ളാത മനമും തുള്ളും താന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ഇന്നും അത്തരം സിനിമകള്‍ക്ക് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അത്തരം റൊമാന്‍സ് ചിത്രങ്ങള്‍ ചെയ്യാന്‍ തമിഴില്‍ ആരും മുന്നോട്ടുവരില്ലെന്നും അതിനുള്ള നല്ല നടന്മാര്‍ തമിഴില്‍ കുറവാണെന്നും കാര്‍ത്തി പറഞ്ഞു. താനെല്ലാം ഇപ്പോള്‍ റൊമാന്‍സ് സിനിമകള്‍ ചെയ്താല്‍ പ്രേക്ഷകര്‍ ചിലപ്പോള്‍ മാത്രമേ അക്‌സപ്റ്റ് ചെയ്യുള്ളൂവെന്നും എന്നാല്‍ സിദ്ധാര്‍ത്ഥിന് ആ ഒരു കാര്യത്തില്‍ എക്‌സപ്ഷന്‍ ഉണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ബോയ്‌സ് എന്ന സിനിമ ചെയ്ത് 21 വര്‍ഷം കഴിഞ്ഞെന്നും എന്നാല്‍ ഇന്നും അതുപോലുള്ള റൊമാന്‍സ് സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന നടന്‍ സിദ്ധാര്‍ത്ഥ് മാത്രമാണെന്നും കാര്‍ത്തി പറഞ്ഞു. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അതേ ലുക്കില്‍ തന്നെയാണ് സിദ്ധാര്‍ത്ഥെന്നും ആ ഒരു കാര്യത്തില്‍ തനിക്ക് സിദ്ധാര്‍ത്ഥിനോട് അസൂയയാണെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രമായ ‘മിസ് യൂ’വിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്.

‘തമിഴില്‍ എല്ലാകാലത്തും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഴോണറാണ് റൊമാന്‍സ്. എന്നും അങ്ങനെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. വിജയ് സാറിന്റെ തുള്ളാത മനമും തുള്ളും ഒക്കെ എനിക്ക് വലിയ ഇഷ്ടമുള്ള സിനിമയാണ്. ഒരുപാട് തവണ ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ നല്ല റൊമാന്‍സ് സിനിമകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് അധികം വരാറില്ല.

എനിക്കൊക്കെ ഇപ്പോള്‍ റൊമാന്‍സ് ചെയ്യാന്‍ ലിമിറ്റേഷനുണ്ട്. കാരണം പ്രായം നന്നായി അറിയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന് ആ ഒരു കാര്യത്തില്‍ എക്‌സപ്ഷന്‍ ഉണ്ട്. അവന് ഇപ്പോഴും റൊമാന്‍സ് പടങ്ങള്‍ ചെയ്യാം. കാരണം, ബോയ്‌സ് റിലീസായി 21 വര്‍ഷമായിട്ടും ഇന്നും അവന്റെ ലുക്കിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആ ഒരു കാര്യത്തില്‍ എനിക്ക് അവനോട് അസൂയയാണ്,’ കാര്‍ത്തി പറഞ്ഞു.

Content Highlight: Karthi saying that Siddharth can still do romantic films