| Friday, 21st April 2023, 5:18 pm

ചാക്കോച്ചാ താങ്ക്യൂ; ജയസൂര്യയുടെ പേര് മാറി വിളിച്ച് കാര്‍ത്തി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ റിലീസിനോടടുക്കുമ്പോള്‍ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. കഴിഞ്ഞ ദിവസം വിക്രം, തൃഷ, കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല എന്നിവരടങ്ങിയ പി.എസ്. 2 സംഘം കൊച്ചിയിലും എത്തിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനിടക്ക് ജയസൂര്യയെ ചാക്കോച്ചന്‍ എന്ന് കാര്‍ത്തി വിളിക്കുന്ന വീഡിയോ വൈറലാവുകയാണ്. പ്രൊമോഷന് വന്നതിന് നന്ദി പറയവെയാണ് ജയസൂര്യയെ കാര്‍ത്തി ചാക്കോച്ചാ എന്ന് വിളിച്ചത്. കാര്‍ത്തിക്ക് ഒപ്പം സ്റ്റേജില്‍ നിന്ന ജയറാമും അവതാരക രഞ്ജിനിയും ഇത് കേട്ട് അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. ജയസൂര്യക്കൊപ്പം ഉണ്ണി മുകുന്ദനും പി.എസ്. 2 പ്രൊമോഷന് എത്തിയിരുന്നു.

കേരളത്തില്‍ പ്രൊമോഷന് വന്നതിനെ പറ്റിയും കാര്‍ത്തി സംസാരിച്ചിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിനായി തിരുവനന്തപുരത്ത് വന്നിരുന്നു. പോയി ജയിച്ചിട്ട് വരാന്‍ പറഞ്ഞ് വീട്ടില്‍ നിന്നും പൊട്ട് കുത്തി അയക്കാറില്ലേ. അതുപോലെ അന്ന് തിരുവനന്തപുരത്ത് നിന്നും ഞങ്ങളെ അയച്ചു. ഞങ്ങള്‍ ജയിച്ചുവന്നു. വീണ്ടും കേരളത്തിലേക്ക് വന്നിരിക്കുകയാണ്. ഇപ്രാവശ്യവും ജയിക്കുമെന്നാണ് വിശ്വാസം.

ഞങ്ങള്‍ മറ്റൊരു നാട്ടില്‍ നിന്നുമാണ് വരുന്നത്. ഇത്രയും സ്‌നേഹം ലഭിക്കുന്നു. കേരളത്തില്‍ എല്ലാം വളരെ ആര്‍ട്ടിസ്റ്റിക്കായാണ് ചെയ്യുന്നത്. പെര്‍ഫോമന്‍സാണെങ്കിലും കോസ്റ്റിയൂമാണെങ്കിലും. അത് താന്‍ കേരളമെന്ന് ജയറാം സാര്‍ പറയും. നിങ്ങള്‍ക്ക് എത്രത്തോളം ജയറാം സാര്‍ സ്വന്തമാണോ അത്രത്തോളം ഞങ്ങള്‍ക്കും സ്വന്തമാണ്,’ കാര്‍ത്തി പറഞ്ഞു.

ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Content Highlight: karthi’s video calling jayasurya chakkocha

We use cookies to give you the best possible experience. Learn more