| Wednesday, 15th November 2023, 2:56 pm

നാലാം ദിനം സീസറിന്റെ മുന്നേറ്റം; ബോക്‌സ് ഓഫീസില്‍ ദുരന്തമായി കാര്‍ത്തിയുടെ ജപ്പാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ മൂക്ക് കുത്തി കാര്‍ത്തിയുടെ ചിത്രം ജപ്പാന്‍. 80 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് നാല് ദിവസം കൊണ്ട് 18 കോടി മാത്രമാണ് നേടാനായത്. കേരളമുള്‍പ്പെടെ തമിഴ്‌നാടിന് പുറത്തുള്ള സെന്ററുകളില്‍ നിന്നും ചിത്രം തകര്‍ന്നടിഞ്ഞു. കേരളത്തില്‍ നിന്നും ജപ്പാന്‍ ഇതുവരെ 35 ലക്ഷമാണ് നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ പത്തിനാണ് ജപ്പാന്‍ റിലീസ് ചെയ്തത്. രാജു മുരുകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിനം മുതല്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. തിരക്കഥയില്‍ പാളിച്ച പറ്റിയെന്നും കാര്‍ത്തി ഒഴിവാക്കേണ്ട സിനിമ ആയിരുന്നു ഇതെന്നുമാണ് അഭിപ്രായങ്ങള്‍ വന്നത്.

അതേസമയം ജപ്പാനൊപ്പം റിലീസ് ചെയ്ത ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ബോക്‌സ് ഓഫീസില്‍ ജപ്പാനെ മറികടന്ന് വലിയ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ദിനത്തില്‍ ജപ്പാന്‍ മുന്നിട്ടിരുന്നെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ജിഗര്‍തണ്ട മേല്‍കൈ നേടുകയായിരുന്നു. 22 കോടിയാണ് ചിത്രം നാല് ദിവസം കൊണ്ട് നേടിയിരിക്കുന്നത്.

എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം നവംബര്‍ പത്തിനാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് നിര്‍വഹിച്ചത്. കാര്‍ത്തികേയന്‍ സന്തനം, എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Karthi’s film Japan bacame flop at the box office

We use cookies to give you the best possible experience. Learn more