തമിഴില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകന്‍. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട ചിത്രമാണ് മെയ്യഴകന്‍. കാര്‍ത്തിയുടെയും അരവിന്ദ് സ്വാമിയുടെയും ഗംഭീര പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഗോവിന്ദ് വസന്ത ഈണമിട്ട ഗാനങ്ങളും മെയ്യഴകനെ കൂടുതല്‍ മനോഹരമാക്കി.
ഉലകനായകന്‍ കമല്‍ ഹാസന്‍ ചിത്രത്തില്‍ ഗാനമാലപിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ വരുന്ന ഗാനം പ്രേക്ഷകന്റെ ഹൃദയത്തില്‍ തുളച്ചുകയറുന്ന ഒന്നായിരുന്നു. കമല്‍ ഹാസന്‍ ഈ സിനിമയിലേക്ക് പാടാന്‍ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. 96ലേത് പോലെ പ്രണയഗാനങ്ങള്‍ ഈ സിനിമയിലുമുണ്ടാകുമോ എന്ന് പലരും തന്നോട് ചോദിച്ചെന്നും അതിനെക്കാള്‍ ഡോസ് കൂടിയ ഒരു പാട്ട് ഉണ്ടാകുമെന്ന് താന്‍ മറുപടി നല്‍കിയെന്നും കാര്‍ത്തി പറഞ്ഞു.
കമല്‍ ഹാസന്‍ ഈ സിനിമയില്‍ പാടാന്‍ വന്നത് സൂര്യയോടുള്ള സ്‌നേഹം കാരണമാണെന്നും ആ പാട്ട് സിനിമക്ക് നല്‍കിയ മൈലേജ് ചെറുതല്ലെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഒരു പാട്ടിന് പകരം രണ്ട് പാട്ട് പാടിയിട്ടാണ് കമല്‍ ഹാസന്‍ പോയതെന്നും വളരെയധികം സന്തോഷം തന്ന കാര്യമാണ് അതെന്നും കാര്‍ത്തി പറഞ്ഞു. മെയ്യഴകന്റെ സക്‌സസ് ഇവന്റിലാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്.
‘പ്രേം കുമാറുമായി സിനിമ ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പലരും ആദ്യം ചോദിച്ചത് 96ലേതു പോലെ റൊമാന്റിക് പാട്ടുകള്‍ ഉണ്ടാകുമോ എന്നായിരുന്നു. പടത്തിന്റെ കഥയില്‍ റൊമാന്റിക് സോങ് പ്ലേസ് ചെയ്യാന്‍ ഒരു വകുപ്പുമില്ല. പക്ഷേ അവരോടെല്ലാം ഞാന്‍ പറഞ്ഞത് അതിനെക്കാള്‍ ഡോസ് കൂടിയ ഒരു ഐറ്റം ഉണ്ടാകുമെന്നാണ്. കമല്‍ സാര്‍ ഈ പടത്തില്‍ പാടുമെന്ന് ആ സമയത്ത് ഞാന്‍ അറിഞ്ഞിരുന്നു.
യാരോ ഇവന്‍ യാരോ എന്ന പാട്ട് പാടാനാണ് കമല്‍ സാര്‍ വന്നത്. ചേട്ടനോട് പുള്ളിക്കുള്ള ബന്ധം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ സിനിമയില്‍ പാടിയത്. യാരോ ഇവന്‍ യാരോ എന്ന പാട്ടിന് പുറമെ പോറേന്‍ നാന്‍ പോറേന്‍ എന്ന പാട്ടും അദ്ദേഹം പാടി. രണ്ട് പാട്ടുകളും സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലെന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി. എല്ലാവര്‍ക്കും ആ പാട്ട് ഇഷ്ടപ്പെട്ടു,’ കാര്‍ത്തി പറഞ്ഞു.
Content Highlight: Karthi explains the reason for Kamal Hassan singing in Meiyazhagan movie