അന്ന് മര്യാദക്ക് ഫൈറ്റ് പോലും ചെയ്യാനറിയില്ലെന്ന് പറഞ്ഞു, ഇന്ന് ആ നടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം ഇല്ല: കാര്‍ത്തി
Entertainment
അന്ന് മര്യാദക്ക് ഫൈറ്റ് പോലും ചെയ്യാനറിയില്ലെന്ന് പറഞ്ഞു, ഇന്ന് ആ നടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം ഇല്ല: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2024, 5:33 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് കടന്നുവന്ന കാര്‍ത്തി, അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തി ഇടം പിടിച്ചു. കഴിഞ്ഞ ദിവസം നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ തന്റെ ജ്യേഷ്ഠനായ സൂര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

തനിക്ക് നേരെ വന്ന വിമര്‍ശനങ്ങളെ കഠിനാധ്വാനത്തിലൂടെ നേരിട്ട നടനാണ് സൂര്യയെന്ന് കാര്‍ത്തി പറഞ്ഞു. ആദ്യ ചിത്രം കഴിഞ്ഞപ്പോള്‍ അഭിനയിക്കാനോ, ഡാന്‍സ് ചെയ്യാനോ, മര്യാദക്ക് ഫൈറ്റ് ചെയ്യാനോ അറിയില്ലെന്ന് പലരും വിമര്‍ശിച്ചിരുന്നെന്ന് കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. പിന്നീട് എല്ലാ ദിവസവും ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ ഒരുപാട് സമയം സൂര്യ ചെലവഴിച്ചിരുന്നെന്ന് കാര്‍ത്തി പറഞ്ഞു. ആയുത എഴുത്ത് എന്ന ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ഒരു ആക്ഷന്‍ സീന്‍ ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഒരു നടന്റെ ഏറ്റവും വലിയ ടൂള്‍ അയാളുടെ ശരീരമാണെന്ന് മനസിലാക്കിക്കൊണ്ട് അതിനെ നല്ല രീതിയില്‍ പരിചരിച്ചെന്നും ഇന്ന് സൂര്യയുടെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം പോലും തമിഴ്‌നാട്ടില്‍ ഇല്ലെന്നും ബോഡിബില്‍ഡിങ്ങിന് പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്നും കാര്‍ത്തി പറഞ്ഞു. തന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്ത് കാണിച്ച നടനാണ് സൂര്യയെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

‘ആദ്യ സിനിമ റിലീസായപ്പോള്‍ ചേട്ടന് മര്യാദക്ക് ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് പലരും വിമര്‍ശിച്ചു. പിന്നീട് ഞാന്‍ കാണുന്നത് എല്ലാ ദിവസവും ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന ചേട്ടനെയാണ്. ആയുത എഴുത്ത് എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ പടത്തില്‍ ഡ്യൂപ്പില്ലാതെ അദ്ദേഹം ഒരു ആക്ഷന്‍ സീക്വന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഒരു നടന്റെ ഏറ്റവും വലിയ ആയുധം അവന്റെ ശരീരമാണ്. അത് കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവര്‍ക്കും ഇന്‍സ്പിറേഷനാണ്. ഇന്ന് ചേട്ടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം തമിഴ്‌നാട്ടില്‍ ഇല്ല. ഹെല്‍ത്താണ് ഏറ്റവും പ്രധാനമെന്ന രീതിയില്‍ പലരെയും ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ ചേട്ടന് സാധിച്ചിട്ടുണ്ട്. അങ്ങനെ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്ന് പലരും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്ത് കാണിച്ച ഒരാളാണ് എന്റെ ചേട്ടന്‍,’ കാര്‍ത്തി പറഞ്ഞു.

Content Highlight: Karthi explains how Surya overcome all criticisms he faced