ഷൂട്ട് കഴിഞ്ഞ് ഉറങ്ങാന്‍ പോയ അദ്ദേഹത്തെയും കൂട്ടി രാത്രി ഒരു മണിക്ക് ഫുഡ് കഴിക്കാന്‍ പോയിട്ടുണ്ട്: കാര്‍ത്തി
Entertainment
ഷൂട്ട് കഴിഞ്ഞ് ഉറങ്ങാന്‍ പോയ അദ്ദേഹത്തെയും കൂട്ടി രാത്രി ഒരു മണിക്ക് ഫുഡ് കഴിക്കാന്‍ പോയിട്ടുണ്ട്: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 4:06 pm

തമിഴിലെ പഴയകാല നടന്‍ ശിവകുമാറിന്റെ മകനാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായാണ് കാര്‍ത്തി തന്റെ സിനിമാജീവിതം ആരംഭിച്ചത്. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തി നായകനായി അരങ്ങേറി. ആദ്യ ചിത്രത്തിലെ പ്രകടനം കാര്‍ത്തിക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു. പിന്നീട് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തിയും ഇടം പിടിച്ചു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലൂടെ ആക്ഷന്‍ ഹീറോ റോളുകളും തനിക്ക് വഴങ്ങുമെന്ന് കാര്‍ത്തി തെളിയിച്ചു. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന മെയ്യഴകനാണ് കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫീല്‍ഗുഡ്  ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് മെയ്യഴകന്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ അരവിന്ദ് സ്വാമിയുമായുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് കാര്‍ത്തി. കൈതിക്ക് ശേഷം ഒട്ടുമുക്കാലും നൈറ്റ് ഷൂട്ട് ഉണ്ടായിരുന്ന സിനിമയായിരുന്നു മെയ്യഴകനെന്ന് കാര്‍ത്തി പറഞ്ഞു.

കൈതിയിലെ പോലെ ചെയ്‌സിങ് സീനും ആക്ഷന്‍ സീനും ഈ സിനിമയില്‍ ഇല്ലെന്നും അത് തനിക്ക് ആശ്വാസം തന്നെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. രാത്രി ഷൂട്ടൊക്കെ അവസാനിക്കുമ്പോള്‍ ഒരു മണിയാകുമെന്നും ഉറങ്ങാന്‍ പോകുന്ന അരവിന്ദ് സ്വാമിയെ വിളിച്ച് ഭക്ഷണം കഴിക്കാന്‍ പോകുമായിരുന്നെന്നും കാര്‍ത്തി പറഞ്ഞു. മെയ്യഴകന്റെ പ്രൊമോഷന്‍ ചടങ്ങിനിടെയാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്.

‘കൈതിക്ക് ശേഷം പകുതിമുക്കാലും നൈറ്റ് ഷൂട്ട് ചെയ്യേണ്ടിവന്ന സിനിമയായിരുന്നു മെയ്യഴകന്‍. എന്തോ ഭാഗ്യത്തിന് ചെയ്‌സിങ്ങും, ആക്ഷന്‍ സീനും ഒന്നും ഇതില്‍ ഉണ്ടായിരുന്നില്ല. വെറുംവയറ്റില്‍ കിടന്നുറങ്ങാന്‍ എനിക്ക് പറ്റില്ല. അരവിന്ദ് സ്വാമിക്കാണെങ്കില്‍ എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ മതിയെന്നാണ്. ഞാന്‍ പുള്ളിയെ വിളിച്ചെഴുന്നേല്പിച്ച് ഫുഡ് കഴിക്കാന്‍ പോകും. കാരക്കുടിയിലെ ഫുഡിനെപ്പറ്റി ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

ഈ സിനിമയിലെ മറ്റൊരു അഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ ഡയറ്റ് നോക്കേണ്ട ആവശ്യമില്ല. രാത്രി ഫുഡ് കഴിച്ച് വന്നാല്‍ രാവിലെയും ഇതുപോലെ ഞാന്‍ ചെയ്യും. രാവിലെ എട്ട് മണിക്കൊക്കെ ബിരിയാണി കിട്ടുന്ന കടയുണ്ട്. ഞങ്ങള്‍ രണ്ടുപേരും നല്ല ഫുഡീസ് ആയതുകൊണ്ട് നല്ലവണ്ണം എന്‍ജോയ് ചെയ്തു. ഇങ്ങനെ അദ്ദേഹത്തെ കുറച്ചധികം കഷ്ടപ്പെടുത്തിയിട്ടുണ്ട്,’ കാര്‍ത്തി പറഞ്ഞു.

Content Highlight: Karthi about the shooting experience of Meiyazhagan movie and Arvind Swamy