തമിഴിലെ താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ആദ്യകാലത്തെ സിനിമകളിലെ അഭിനയത്തിന് സൂര്യക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സൂര്യ നടന്നുകയറി. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തിയും സിനിമാലോകത്തേക്ക് വരവറിയിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടുകയും ചെയ്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിലൂടെ തമിഴില്‍ പുതിയ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ചു. ചിത്രത്തിന്റെ ടെയില്‍ എന്‍ഡില്‍ വന്ന സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. കാര്‍ത്തി നായകനായ കൈതിയുടെ റഫറന്‍സ് വിക്രമില്‍ വന്നതോടുകൂടി ഈ യൂണിവേഴ്‌സിലെ അടുത്ത സിനിമയില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമെന്ന് ഉറപ്പായി. റോളക്‌സ് എന്ന കഥാപാത്രത്തെക്കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
വിക്രം എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് തന്നോട് കൂടുതലൊന്നും പറഞ്ഞില്ലെന്നും ചെറിയൊരു സൂചന മാത്രമേ സൂര്യ തന്നിരുന്നുള്ളൂവെന്നും കാര്‍ത്തി പറഞ്ഞു. എന്നാല്‍ സിനിമ കണ്ട ശേഷമാണ് ഇങ്ങനെയൊരു വേഷമാണെന്ന് മനസിലായതെന്നും കത്തിയും കൊണ്ട് വരുന്നത് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വേറെ ലെവലായി തോന്നിയെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂര്യയുടെ വില്ലനിസം ഇപ്പോഴാണ് പലരും കാണുന്നതെന്നും താന്‍ ചെറുപ്പം മുതലേ കണ്ട് വളര്‍ന്നതാണെന്നും കാര്‍ത്തി പറഞ്ഞു. ഹിറ്റ് എഫ്.എം 90.8നോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി.
‘റോളക്‌സ് എന്ന കഥാപാത്രം എല്ലാവരെയും പോലെ എനിക്കും വളരെയധികം ഇഷ്ടപ്പെട്ടു. ‘ലോകേഷ് വിളിച്ചു, ഒരു ചെറിയ പരിപാടിയുണ്ട്’ എന്ന് മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ. ഇതാണ് സംഗതി എന്ന് സിനിമ കണ്ടപ്പോഴാണ് മനസിലായത്. ആ കത്തിയും കൊണ്ട് വരുന്നതും, അത് കഴിഞ്ഞുള്ള ഡയലോഗ് ഡെലിവറിയും തിയേറ്ററില്‍ കണ്ടപ്പോള്‍ വേറെ ലെവല്‍ തന്നെയായിരുന്നു.
പലരും എന്നോട് ഇന്റര്‍വ്യൂവില്‍ ചോദിക്കുന്ന കാര്യമാണ്, സൂര്യയെ ആദ്യമായി വില്ലനായി കണ്ടപ്പോള്‍ എന്താ തോന്നിയതെന്ന്. നിങ്ങള്‍ക്ക് മാത്രമേ പുള്ളിയുടെ വില്ലത്തരം കാണുമ്പോള്‍ പുതുമ തോന്നുള്ളൂ. ഞാനൊക്കെ കുട്ടിക്കാലം മുതലേ അത് കണ്ടാണ് വളര്‍ന്നത്. അതിന്റെയൊന്നും പകുതി ലെവല്‍ പോലും റോളക്‌സ് വന്നിട്ടില്ല,’ കാര്‍ത്തി പറഞ്ഞു.
Content Highlight: Karthi about Suriya’s character in Vikram