തമിഴിലെ മികച്ച നടന്മാരിലൊരാലാണ് കാര്‍ത്തി. സൂര്യയുടെ അനിയന്‍ എന്ന മേല്‍വിലാസത്തിലൂടെയാണ് കാര്‍ത്തി സിനിമയിലേക്കെത്തിയത്. എന്നാല്‍ ആദ്യചിത്രമായ പരുത്തിവീരനിലെ പ്രകടനത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ തമിഴ് സിനിമയുടെ മുന്‍നിരയില്‍ കാര്‍ത്തിയും ഇടംപിടിച്ചു.
കാര്‍ത്തിയെ നായകനാക്കി പി.എസ് മിത്രന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സര്‍ദാര്‍. കാര്‍ത്തി ഇരട്ടവേഷത്തിലെത്തിയ ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങിയത്. അതോടൊപ്പം മിനറല്‍ വാട്ടര്‍ കമ്പനികളുടെ അഴിമതിയും ചിത്രം തുറന്നുകാട്ടിയിരുന്നു. ദീപാവലി റിലീസായെത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സര്‍ദാറിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. രണ്ടാം ഭാഗം വേണമെന്ന് താന്‍ ആഗ്രഹിച്ച സിനിമകളിലൊന്നാണ് സര്‍ദാറെന്ന് കാര്‍ത്തി പറഞ്ഞു. മിത്രനെപ്പോലൊരു സംവിധായകന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ കാര്യത്തെ താന്‍ പേടിക്കാറുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ആദ്യചിത്രമായ ഇരുമ്പുതിരൈ കണ്ടതിന് ശേഷം ഫോണില്‍ മെസേജ് വരുന്ന സൗണ്ട് കേട്ടാല്‍ പേടിയായിരുന്നെന്നും സര്‍ദാറിന് ശേഷം മിനറല്‍ വാട്ടര്‍ കാണുന്നത് പേടിയായെന്നും കാര്‍ത്തി പറയുന്നു. ഓരോ സിനിമയിലും എന്തെങ്കിലും റെലവന്റായിട്ടുള്ള കാര്യം കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംവിധായകനാണ് മിത്രനെന്നും സര്‍ദാറിന്റെ രണ്ടാം ഭാഗം ആദ്യഭാഗത്തെക്കാള്‍ മികച്ചതാകുമെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
‘സെക്കന്‍ഡ് പാര്‍ട്ട് വേണമെന്ന് ഞാന്‍ ആഗ്രഹിച്ച സിനിമകളിലൊന്നായിരുന്നു സര്‍ദാര്‍. ആദ്യ ഭാഗത്തെക്കാള്‍ മികച്ച കഥയുണ്ടെങ്കില്‍ മാത്രമേ സെക്കന്‍ഡ് പാര്‍ട്ട് ചെയ്തിട്ട് കാര്യമുള്ളൂ. മിത്രന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ കാര്യത്തിലും പേടിയായിരുന്നു. ആദ്യത്തെ പടം കണ്ടതിന് ശേഷം ഫോണില്‍ മെസേജ് വന്നാല്‍ തന്നെ പേടിയായിരുന്നു.
സര്‍ദാറിന് ശേഷം മിനറല്‍ വാട്ടര്‍ കാണുമ്പോള്‍ തന്നെ പേടിയായി. ഉപയോഗിക്കാന്‍ പോലും തോന്നിയിട്ടില്ല. പലര്‍ക്കും അതുപോലെയായിരിക്കുമെന്നറിയാം. സെക്കന്‍ഡ് പാര്‍ട്ടില്‍ അതിനെക്കാള്‍ പേടിപ്പിക്കുന്ന ഒരു കാര്യമാണ്. ഓരോ സിനിമയും സോഷ്യലി റെലവെന്റായിട്ടുള്ള കാര്യമുണ്ടാകുമെന്ന് ഉറപ്പാണ്. ഫസ്റ്റ് പാര്‍ട്ടിന്റെ മേലെ നില്‍ക്കുന്ന ഒന്നാകും സര്‍ദാര്‍ 2,’ കാര്‍ത്തി പറയുന്നു.
Content Highlight: Karthi about Sardar movie and its sequel