തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ കാര്‍ത്തി 2007ല്‍ റിലീസായ പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. പയ്യ, സിരുത്തൈ, തീരന്‍, മദ്രാസ് എന്നീ സിനിമകള്‍ ചെയ്തുകൊണ്ട് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. ലോകേശ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലൂടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന നേട്ടവും കാര്‍ത്തി സ്വന്തമാക്കി.
ജപ്പാന് ശേഷം കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് മെയ്യഴകന്‍. ചിത്രത്തിന്റെ കഥ മറ്റൊരാള്‍ വഴിയാണ് താന്‍ ആദ്യം കേള്‍ക്കുന്നതെന്ന് പറയുകയാണ് കാര്‍ത്തി. ആ സമയം സംവിധായകന്‍ പ്രേം കുമാര്‍ നോവലിന്റെ രൂപത്തിലാണ് കഥ തയാറാക്കിയതെന്നും അത് വായിച്ചപ്പോള്‍ തന്നെ തനിക്ക് ആ സിനിമ ചെയ്യാന്‍ തോന്നിയെന്നും കാര്‍ത്തി പറഞ്ഞു.
നിര്‍മാതാക്കളെ കിട്ടാന്‍ പാടാണെന്നറിഞ്ഞപ്പോള്‍ സൂര്യയോട് ഈ കഥ താന്‍ പറയാമെന്നും 2ഡി പ്രൊഡക്ഷന്‍സിനെക്കൊണ്ട് ചെയ്യിക്കാന്‍ ശ്രമിക്കാമെന്നും അദ്ദേഹത്തോട് പറഞ്ഞെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. കഥ കേട്ടയുടനെ സൂര്യ ഈ പ്രൊജക്ട് നിര്‍മിക്കാമെന്ന് സമ്മതിച്ചെന്നും അരവിന്ദ് സ്വാമി ഈ സിനിമയിലേക്കെത്തിയപ്പോള്‍ ഇരട്ടി സന്തോഷമായെന്നും കാര്‍ത്തി പറഞ്ഞു.
പല പരിപാടികള്‍ക്ക് പോകുമ്പോഴും മലയാളത്തിലെ നല്ല സിനിമകളെക്കുറിച്ച് ആളുകള്‍ തങ്ങളോട് പറയാറുണ്ടെന്നും അതുപോലൊരു സിനിമ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് മെയ്യഴകനെന്ന് കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. മെയ്യഴകന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയുടെ കഥ ഞാന്‍ കേള്‍ക്കുന്നത് പ്രേമിന്റെയടുത്ത് നിന്നല്ല. മറ്റൊരാള്‍ വഴി അറിഞ്ഞ കഥയാണിത്. അന്ന് സ്‌ക്രിപ്റ്റ് ആയിട്ടില്ലായിരുന്നു. ഒരു നോവല്‍ പോലെയാണ് പ്രേം ഈ കഥ എഴുതിവെച്ചത്. ഞാന്‍ പ്രേമിനെ വിളിച്ച് ആ നോവല്‍ വാങ്ങിച്ച് വായിച്ചു. മനസിനെ വല്ലാതെ ടച്ച് ചെയ്ത കഥയായിരുന്നു അത്. സ്‌ക്രിപ്റ്റാക്കി മാറ്റിക്കോ, ഇത് ഞാന്‍ ചെയ്‌തോളാമെന്ന് അന്നേ പറഞ്ഞു. പ്രൊഡ്യൂസറിനെ കിട്ടുമോ എന്ന് ചിന്തിച്ചപ്പോള്‍ ഈ കഥ ഞാന്‍ ചേട്ടനോട് പറയാം, പുള്ളി നോക്കും എന്ന് പ്രേമിനോട് പറഞ്ഞു.
ചേട്ടന്‍ ഈ കഥ കേട്ടപ്പോള്‍ തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്ന് സമ്മതിച്ചു. അരവിന്ദ് സ്വാമി കൂടി ഇതിലേക്ക് വന്നപ്പോള്‍ ഇരട്ടി സന്തോഷമായി. പല പ്രോഗ്രാമിനും പോകുമ്പോള്‍ ആളുകള്‍ ഞങ്ങളോട് ചോദിക്കാറുണ്ട്, ‘മലയാളത്തില്‍ നിന്ന് ഇപ്പോള്‍ നല്ല സിനിമകളാണ് ഇറങ്ങുന്നത്, അതുപോലൊരു സിനിമ ഇവിടന്ന് എപ്പോഴാണ് വരുന്നത്’ എന്ന്. അങ്ങനെ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മെയ്യഴകന്‍,’ കാര്‍ത്തി പറഞ്ഞു.
Content Highlight: Karthi about his new movie Meiyazhagan