തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് കാലെടുത്തുവെച്ച കാര്‍ത്തി അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെയാണ് അഭിനയരംഗത്ത് സാന്നിധ്യമറിയിച്ചത്. ആദ്യചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച കാര്‍ത്തി നല്ല സ്‌ക്രിപ്റ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് ചെയ്ത് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
അഭിനയപ്രാധാന്യമുള്ള സിനിമകളോടൊപ്പം കൊമേഷ്‌സ്യല്‍ വാല്യുവുള്ള സിനിമകളും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ മെയ്യഴകന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാര്‍ത്തിയോടൊപ്പം അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.
അരവിന്ദ് സ്വാമിയുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കാര്‍ത്തി. സെറ്റില്‍ എല്ലാവരോും വളരെ ലൈവ്‌ലിയായി ഇടപഴകുന്നയാളാണ് അരവിന്ദ് സ്വാമിയെന്ന് കാര്‍ത്തി പറഞ്ഞു. എല്ലാവരോടും എപ്പോഴും സംസാരിച്ച് സെറ്റിനെ എപ്പോഴും ജോളിയാക്കി വെക്കാന്‍ അരവിന്ദ് സ്വാമി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ കെയര്‍ഫുള്ളായിരിക്കണമെന്നും അറിയാതെ വല്ല അബദ്ധവും പറഞ്ഞുപോയാല്‍ അതിന്റെ പേരില്‍ ഒരുപാട് നേരം സംസാരിച്ച് വെറുപ്പിക്കുമെന്നും കാര്‍ത്തി പറഞ്ഞു. മെയ്യഴകന്റെ സെറ്റില്‍ വെച്ച് ഒരുദിവസം ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഇതുപോലെ പെട്ടുപോയെന്നും അയാള്‍ കരച്ചിലിന്റെ വക്കില്‍ വരെ എത്തിയിരുന്നെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തി.
‘അരവിന്ദ് സ്വാമി സാര്‍ വളരെ ജോളി ടൈപ്പാണ്. എല്ലാവരോടും നല്ല ഫ്രണ്ട്‌ലിയായി ഇടപഴകുന്ന ആളാണ് അദ്ദേഹം. സെറ്റിലും അദ്ദേഹം ലൈവ്‌ലി ആയി എപ്പോഴും നില്‍ക്കുമായിരുന്നു. എല്ലാവരോടും എപ്പോഴും സംസാരിച്ച് സെറ്റിനെ ഫുള്‍ ജോളി മൂഡില്‍ നിര്‍ത്താന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പക്ഷേ ഒരൊറ്റ കാര്യത്തില്‍ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുള്ളിയോട് സംസാരിക്കുമ്പോള്‍ കുറച്ച് കെയര്‍ഫുള്ളായിരിക്കണം. എങ്ങാനും വല്ല അബദ്ധവും പറഞ്ഞുപോയാല്‍ തീര്‍ന്നു.
പിന്നെ അതിന്റെ പേരില്‍ നമ്മളെ ഇട്ട് കളിയാക്കും. മെയ്യഴകന്റെ സെറ്റിലും അതുപോലൊരു സംഭവമുണ്ടായി. ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പുള്ളിയോട് സംസാരിക്കാന്‍ വന്നു. സംസാരത്തിനിടയില്‍ എന്തോ അബദ്ധം പറഞ്ഞു. പുള്ളി അതില്‍ പിടിച്ച് കേറി. ആ പാവം എ.ഡി. ഒടുക്കം കരച്ചിലിന്റെ വക്കില്‍ വരെ എത്തിയപ്പോഴാണ് അരവിന്ദ് സ്വാമി സാര്‍ വെറുതേ വിട്ടത്,’ കാര്‍ത്തി പറയുന്നു.
Content Highlight: Karthi about Aravind Swamy and Meiyazhagan Movie