Sports News
ഓസ്‌ട്രേലിയയിലും പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിരമിക്കണം; ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പുമായി മുന്‍ പേസര്‍ കാര്‍സണ്‍ ഗവ്രി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 05, 06:32 am
Tuesday, 5th November 2024, 12:02 pm

കിവീസിനെതിരെ സ്വന്തം മണ്ണില്‍ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരങ്ങളില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും മികച്ച പ്രകടനം നടത്താനോ സ്‌കോര്‍ ഉയര്‍ത്താനോ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയേയും വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കാര്‍സണ്‍ ഗവ്രി. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും ഇനി വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറിലും പരാജയപ്പെടുകയാണെങ്കില്‍ താരങ്ങള്‍ വിരമിക്കണമെന്നുമാണ് ഗവ്രി പറഞ്ഞത്.

രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയേയും കാര്‍സണ്‍ ഗവ്രി പറഞ്ഞത്

‘അവര്‍ക്ക് ഓസ്ട്രേലിയയില്‍ വലിയ സ്‌കോര്‍ ചെയ്യേണ്ടിവരും. അവര്‍ അവിടെ പരാജയപ്പെട്ടാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കണം. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, പക്ഷെ എതിരാളികളെ തോല്‍പ്പിക്കാന്‍ ടീമിന് റണ്‍സ് ആവശ്യമാണ്. ഭാവിയിലേക്കുള്ള കളിക്കാരെ നമുക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. പ്രകടനം നടത്താത്ത കളിക്കാരുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

വിരാടും രോഹിത്തും പ്രകടനം നടത്തുകയാണെങ്കില്‍, അവരെ നിലനിര്‍ത്തുക, ഇല്ലെങ്കില്‍, അവരെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പ്രകടനമില്ലാതെയാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നതെങ്കില്‍ ചേതേശ്വര്‍ പൂജാരയെയോ അജിങ്ക്യ രഹാനെയെയോ തിരികെ കൊണ്ടുവരുന്നതാണ് നല്ലത്. ഏറെ നേരം ക്രീസില്‍ തുടരാനും റണ്‍സ് നേടാനും കഴിയുന്ന പരിചയസമ്പന്നരായ താരങ്ങളാണ് ഓസ്ട്രേലിയയില്‍ വേണ്ടത്. ഓസ്ട്രേലിയയിലെ ബോര്‍ഡില്‍ നിങ്ങള്‍ക്ക് വലിയ റണ്‍സ് ആവശ്യമാണ്, ’73 കാരനായ ഗവ്രി പറഞ്ഞു.

2024ല്‍ 11 ടെസ്റ്റുകളില്‍ നിന്ന് 29.40 ശരാശരിയില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ചുറികളുടെയും സഹായത്തോടെ രോഹിത് 588 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ആറ് ടെസ്റ്റുകളില്‍ നിന്ന് വിരാട് 22.72 ശരാശരിയില്‍ 250 റണ്‍സാണ് നേടിയത് അതില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്.

ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാകട്ടെ 62.50 ശതമാനവും.

എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. ഇതോടെ ഇന്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും കാലിടറി വീണു.

 

Content Highlight: Karsan Ghavri Criticize Rohit Sharma And Virat Kohli