| Sunday, 29th January 2023, 9:26 am

മെസിയോ പെലെയോ ആയിരുന്നെങ്കില്‍ റൊണാള്‍ഡോയെ പോലെ സംസാരിക്കില്ല; വിമര്‍ശിച്ച് വെസ്റ്റ് ഹാം സി.ഇ.ഒ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ച് വെസ്റ്റ് ഹാം സി.ഇ.ഒ കാരന്‍ ബ്രാഡി. താന്‍ യുണീക്ക് ആണെന്ന് സ്വയം പറയുന്ന താരമാണ് റൊണാള്‍ഡോയെന്നും പെലെയോ മെസിയോ ആയിരുന്നെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നെന്നും ബ്രാഡി പറഞ്ഞു. ബ്രട്ടീഷ് പത്രമായ ദി സണ്ണില്‍ ആണ് ബ്രാഡി റൊണാള്‍ഡോയെ വിമര്‍ശിച്ച് കുറിപ്പെഴുതിയത്.

‘ചിലപ്പോള്‍ റൊണാല്‍ഡോയില്‍ ഇഷ്ടപ്പെടുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ടായേക്കാം. അദ്ദേഹം ഒരു അത്‌ലെറ്റും മികച്ച ഗോള്‍ സ്‌കോററുമാണ്. പക്ഷെ അല്‍ നസറിന് വേണ്ടി സൈന്‍ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ അഹങ്കാരം നിറഞ്ഞതാണ്. ‘ഈ കരാര്‍ യുണീക്ക് ആണ്, കാരണം ഞാനൊരു യുണീക്ക് താരമാണ്. എനിക്കിതൊക്കെ സാധാരണമാണ്’ എന്നിങ്ങനെയായിരുന്നു റൊണാള്‍ഡോയുടെ സംസാരം.

റൊണാള്‍ഡോ ഒരു അതുല്യ കളിക്കാരനൊന്നുമല്ല. ചില കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്. പക്ഷെ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതൊന്നും റൊണാള്‍ഡോ ചെയ്യുന്നില്ല. പെലെയോ മെസിയോ ഒന്നും ഇതുപോലെ സംസാരിക്കില്ല,’ ബ്രാഡി കുറിച്ചു.

ലോക ചാമ്പ്യനായ മെസിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ റൊണാള്‍ഡോ അസ്വസ്ഥനായിരുന്നുവെന്നും റൗണ്ട് ഓഫ് സിക്സ്റ്റീനിലും ക്വാര്‍ട്ടര്‍ ഫൈനലിലും റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയിരുന്നെന്നും ബ്രാഡി ചൂണ്ടിക്കാട്ടി.

യുണൈറ്റഡ് വിട്ട് സൗദിയിലെത്തിയ റൊണാള്‍ഡോക്ക് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടാനായെങ്കിലും അല്‍ നസറിന്റെ അരങ്ങേറ്റ മത്സരത്തിലും സൗദി സൂപ്പര്‍ കപ്പില്‍ തുടര്‍ന്ന് നടന്ന കളിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. തുടര്‍ന്ന് അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

അല്‍ നസറിലെ റൊണാള്‍ഡോയുടെ നിലനില്‍പ്പിന് ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് അനിവാര്യമാണ്.

Content Highlights: Karren Brady criticizes Cristiano Ronaldo

We use cookies to give you the best possible experience. Learn more