ബി.ജെ.പിക്ക് ന്യൂനപക്ഷ സംവരണം സ്വത്ത് വിഭജനത്തിന് സമം; കര്‍ണാടകയില്‍ 45 ദിവസം കൊണ്ട് ഞങ്ങള്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ്
national news
ബി.ജെ.പിക്ക് ന്യൂനപക്ഷ സംവരണം സ്വത്ത് വിഭജനത്തിന് സമം; കര്‍ണാടകയില്‍ 45 ദിവസം കൊണ്ട് ഞങ്ങള്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 6:49 pm

ബെംഗളൂരു: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പി സര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുന്ന ഒ.ബി.സി സംവരണം പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്.

ഒ.ബി.സി പട്ടികയിലെ 2 ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം സമുദായത്തിനുള്ള സംവരണം വെട്ടിക്കുറക്കാനുള്ള ബി.ജെ.പി തീരുമാനത്തെ വിമര്‍ശിച്ച് കൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന.

വിദ്യാഭ്യാസ അഡ്മിഷനും തൊഴില്‍ പ്രവേശനത്തിനുമുള്ള സംവരണമാണ് പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തെ ഇ.ഡബ്ല്യു.എസ് വിഭാഗമാക്കി പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

‘സ്വത്ത് വിഭജിക്കുന്ന പോലെയാണ് സംവരണമെന്നാണ് അവര്‍ ധരിച്ച് വെച്ചിരിക്കുന്നത്. ഇത് സ്വത്തല്ല. ഇത് ന്യൂനപക്ഷങ്ങളുടെ അവകാശമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അവരുടെ നാല് ശതമാനം സംവരണം ഉന്നത സമുദായങ്ങള്‍ക്ക് നല്‍കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ന്യൂനപക്ഷ വിഭാഗങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. കുടുംബാംഗങ്ങളാണ്. അടുത്ത 45 ദിവസം കൊണ്ട് ഞങ്ങള്‍ അധികാരത്തില്‍ വരും. ഞങ്ങള്‍ ഇതെല്ലാം അവസാനിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ ബൊമ്മൈ സര്‍ക്കാര്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു. കോണ്‍ഗ്രസില്‍ നിലവിലുള്ള 69 സിറ്റിങ് എം.എല്‍.എമാരില്‍ 60 പേരും ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

content highlight: karntaka congress against bjp