Advertisement
Freedom of expression
അവളെ സിനിമാ സെറ്റിലിട്ട് ജീവനോടെ കത്തിക്കും; മണികര്‍ണ്ണികയില്‍ അഭിനയിച്ചതിന് കങ്കണ റണാവത്തിനെതിരെ വധഭീഷണിയുമായി കര്‍ണിസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 21, 05:38 am
Monday, 21st January 2019, 11:08 am

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ വധഭീഷണിയുമായി കര്‍ണിസേന. “മണികര്‍ണ്ണിക: ദി ക്യൂന്‍ ഓഫ് ജാന്‍സി” എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പരസ്യമായി നടിയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര കര്‍ണിസേന പ്രസിഡന്റ് അജയ് സിംഗ് സെംഗാര്‍ രംഗത്തെത്തിയത്.

സിനിമയില്‍ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഓഫീസറുമായുമുള്ള ബന്ധം മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് കര്‍ണിസേനയുടെ പ്രതിഷേധം. എന്നാല്‍ കര്‍ണിസേനയുടെ പ്രതിഷേധത്തെ മുഖവിലക്കെടുക്കില്ലെന്ന് കങ്കണ പറഞ്ഞു.

ഇതിന് പിന്നാലെയാണ് വധഭീഷണിയുമായി അജയ് സെംഗാര്‍ രംഗത്തെത്തിയത്.

ALSO READ: 9 അതിസമ്പന്നരുടെ കയ്യിലുളളത് പകുതി ജനസംഖ്യയുടെ സ്വത്ത്; ഒരു വര്‍ഷത്തിനിടെ ധനികരുടെ സ്വത്തില്‍ 36 ശതമാനം വളര്‍ച്ച;ഇന്ത്യയില്‍ സാമ്പത്തിക അസമത്വമെന്ന് റിപ്പോര്‍ട്ട്

“അവര്‍ ഇനിയും സംഘടനയിലുള്ളവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അവര്‍ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കില്ല, സിനിമാ സെറ്റില്‍വെച്ച് തന്നെ ജീവനോടെ കത്തിക്കും” അജയ് സെംഗാറെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കര്‍ണിസേനയുടെ ഭീഷണിയെ കാര്യമാക്കുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണിസേനയ്ക്ക് മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കങ്കണ പറഞ്ഞിരുന്നു.

ALSO READ: കര്‍”നാടകം” തുടരുന്നു; വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

“നാല് ചരിത്രകാരന്‍മാര്‍ മണികര്‍ണ്ണിക കണ്ട് വിലയിരുത്തി സെന്‍സര്‍ ചെയ്ത് കഴിഞ്ഞതാണ്. കര്‍ണിസേനയ്ക്കും ഇക്കാര്യം അറിയാം. അവര്‍ എന്നെ തുടര്‍ച്ചയായി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും അവര്‍ ഭീഷണി തുടരുകയാണെങ്കില്‍ ഞാന്‍ ആരാണെന്ന് അവര്‍ അറിയും, ഞാനും ഒരു രജ്പുത്കാരിയാണ്. അവരെ എല്ലവരെയും ഞാന്‍ നശിപ്പിക്കും.” -ഇതായിരുന്നു കങ്കണയുടെ പ്രസ്താവന.

അതേസമയം സിനിമയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നാണ് കര്‍ണിസേനയുടെ ദേശീയ വിഭാഗത്തിന്റെ നിലപാട്.

WATCH THIS VIDEO: