ന്യൂദല്‍ഹി: പദ്മാവതിനുനേരേയുള്ള കര്‍ണിസേനയുടെ പ്രതിഷേധങ്ങള്‍ അതിരുവിടുന്നു. ഗുരുഗ്രാമില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരേയും പ്രതിഷേധം അഴിച്ചുവിട്ടിരിക്കുകയാണ് കര്‍ണിസേന.
ജി.ഡി. സ്‌കൂള്‍ ബസ്സിനുനേരേയാണ് കര്‍ണിസേനയുടെ ആക്രമമുണ്ടായത്. റോഡില്‍ പ്രതിഷേധിക്കുകയായിരുന്ന സേനപ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസ്സിന് നേരേ കല്ലെറിയുകയും ജനാലകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ ബസ്സിനകത്തുണ്ടായിരുന്ന കുട്ടികള്‍ പേടിച്ച് നിലവിളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കര്‍ണിസേനാപ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമം നടത്തിയതെന്ന് വീഡിയോവില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണം ശക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
ഗുരുഗ്രാമില്‍ തന്നെ നാല്‍പ്പതിലധികം തിയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
അതേസമയം നേരത്തേ മുംബൈയില്‍ ആക്രമണം അഴിച്ചുവിട്ട 50 കര്‍ണിസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അധികൃതര്‍ അറിയിക്കുന്നത്.