ന്യൂദല്‍ഹി: സ്ത്രീകളുടെ മുഖാവരണത്തെക്കുറിച്ച് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തീവ്രവലതു പക്ഷ സംഘടനയായ കര്‍ണി സേന. രാജ്യത്ത് മുസ്‌ലിം സത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ താന്‍ അതിന് എതിരെല്ലെന്നും, എന്നാല്‍ അതേ യുക്തി അനുസരിച്ച് ഹിന്ദു സ്ത്രീകള്‍ മുഖം മറയ്ക്കാനുപയോഗിക്കുന്ന ഖൂണ്‍ഘട്ടും നിരോധിക്കണമെന്നായിരുന്നു ജാവേദ് പറഞ്ഞത്.
ജാവേദ് തന്റെ പ്രസ്താവന മൂന്ന് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്, നാവ് പിഴുതെടുക്കുമെന്ന് കര്‍ണി സേന പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കര്‍ണി സേനയുടെ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
‘മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് നാക്ക് പിഴുതെറിയും. നിങ്ങളെ ഞങ്ങള്‍ വീട്ടില്‍ കയറി തല്ലും’ എന്നായിരുന്നു കര്‍ണി സേനയുടെ ഭീഷണി.
‘സുരക്ഷയുടെ കാര്യം വരുമ്പോള്‍ മുഖം മറയ്ക്കുന്നത് പ്രശ്‌നമാണ്. ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഖൂണ്‍ഘട്ടിന്റെ കാര്യവും പരിഗണിക്കണം. ബുര്‍ഖയുടേയും ഖൂണ്‍ഘട്ടിന്റേയും ആവശ്യം എന്താണ്’- എന്നായിരുന്നു ജാവേദ് ചോദിച്ചത്.
എന്നാല്‍ അക്തറിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ‘ആളുകള്‍ എന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്. ശ്രീലങ്കയില്‍ ഇത് സുരക്ഷാ കാരണങ്ങളാലാണ് ചെയ്‌തെന്നും, എന്നാല്‍ ഇത് സ്ത്രീശാക്തീകരണത്തിന് ആവശ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്. നിഖാബ് ആണെങ്കിലും ഖൂണ്‍ഘട്ട് ആണെങ്കിലും മുഖം മറയ്ക്കുന്നത് അവസാനിപ്പിക്കണം’- എന്ന് തന്റെ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ട് അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു.
ശിവസേനയുടെ പാര്‍ട്ടി പത്രമായ ‘സാമ്ന’യുടെ മുഖപ്രസംഗത്തില്‍ ‘ബുര്‍ഖ’ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് അക്തര്‍ തന്റെ അഭിപ്രായം പറഞ്ഞത്.
സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ടതിലൂടെ അപഖ്യാതി നേടിയ സംഘടനയാണ് കര്‍ണി സേന.